കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി (26) എന്നിവരാണ് പിടിയിലായത്.
വടക്കേക്കര പൊലീസാണ് ഇവരെ പിടികൂടിയത്. ഇവിടെനിന്നു നൽകിയ വിവരത്തെ തുടർന്ന് ഈ കുട്ടികളെയും മറ്റൊരു പ്രതിയായ ഷാഹിദ എന്ന യുവതിയെയും ഗുവാഹത്തി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവരെ എറണാകുളത്ത് എത്തിക്കാനായി പൊലീസ് സംഘം അവിടേക്കു പുറപ്പെട്ടു.
ഷാഹിദയിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായം വാങ്ങിയിരുന്നു. ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് തട്ടിക്കൊണ്ട് പോവലിലേക്ക് നയിച്ചത്.
അസമിൽ നിന്ന് ഷാഹിദ എത്തുകയും സുഹൃത്തുക്കളായി ഇവിടെയുണ്ടായിരുന്ന രണ്ട് പേരും ഒപ്പം സംനാസും ചേർന്ന് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമായിരുന്നു. തുടർന്ന്, സ്കൂൾ വിട്ടുവരികയായിരുന്ന കുട്ടികളെ ഇവർ നാലുപേരും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് ഇന്നലെ തന്നെ വിമാനടിക്കറ്റ് ബുക്ക് ചെയ്ത് ഷാഹിദ കുട്ടികളെയും കൊണ്ട് അസമിലേക്ക് പോവുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അതിവേഗ അന്വേഷണമാണ് കുട്ടികളെ കണ്ടെത്താനും പ്രതികളെ പിടികൂടാനും സഹായിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു