സാങ്കേതികതയും സര്‍ഗാത്മകതയും കരകൗശലവും ഒത്തുചേരുന്ന വിദഗ്ധ മേഖലയാണ് ആര്‍ക്കിടെക്ചര്‍. കഴിവും അഭിരുചിയും താല്പര്യമുള്ളവര്ക്ക് ഈ മേഖലയില്‍ വിശാലമായ സാധ്യതകളുണ്ട്. ഏതു നാഗരികതയുടെ തനിമയ്ക്കു പിന്നിലും ഭാവനാ സമ്പന്നരായ വാസ്തുവിദ്യാ വിദഗ്ധരുടെ കരവിരുതുകള്‍ ദര്‍ശിക്കാന്‍ കഴിയും. മനോഹരങ്ങളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കാണുമ്പോള്‍ ബാഹ്യ സൗന്ദര്യത്തേക്കാളുപരി അതിന്റെ നിര്‍മാണത്തിലെ സാങ്കേതിക വൈദഗ്ദ്യമാണ് നിങ്ങളെ ആകര്‍ഷിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളിലൊരു മികച്ച ആര്‍ക്കിടെക്റ്റ് ഒളിഞ്ഞിരിക്കുന്നതായി കണക്കാക്കാം.
വീടുകള്‍ക്കു പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, എയര്‍പോര്‍ട്ടുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയുടെ രൂപകല്പനയിലും പ്ലാനിംഗിലും ആര്‍ക്കിടെക്റ്റുകള്‍ക്ക് വലിയ പങ്കുണ്ട്. കെട്ടിടങ്ങളുടെ ഡിസൈനിങ്ങില്മാത്രം ഒതുങ്ങിനില്ക്കുന്നതല്ല ആര്‍ക്കിടെക്റ്റുകളുടെ ജോലി. ആശ്വാസകരവും സുഖകരവുമായ അവസ്ഥ കെട്ടിടങ്ങളില്‍ സംജാതമാക്കുക എന്ന ലക്ഷ്യംകൂടി അവര്‍ക്കുണ്ട്. ഗ്രാമീണ നഗര പ്ലാനിങ്, ലാന്‍ഡ്സ്കേപ്പ് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, പരിസ്ഥിതിക്കിണങ്ങിയ നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം ആര്‍ക്കിടെക്റ്റുകളുടെ സേവനം അനിവാര്യമാണ്. മികച്ച സര്‍ഗാത്മകതയും ചിത്രരചനാ പാടവും രൂപകല്‍പനയോടുള്ള താല്പര്യവും ഗണിതശാസ്ത്രാഭിരുചിയുമുള്ളവര്ക്ക് തീര്‍ച്ചയായും ശോഭിക്കാന്‍ കഴിയുന്ന മേഖലയാണിത്.
പ്രോഗ്രാമുകള്‍
ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചര്‍(ഡി. ആര്‍ക്ക് ), ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്), മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എം.ആര്‍ക്ക്) എന്നിവയാണ് ഈ മേഖലയിലെ പ്രധാന പ്രോഗ്രാമുകള്‍. മൂന്നു വര്‍ഷം ദൈര്‍ഘ്യമുളള ഡി.ആര്‍ക്കാണ് ഏറ്റവും പ്രാഥമിക തലത്തിലുള്ള പ്രോഗ്രാം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പോളിടെക്നിക്കുകള് വഴി ഡി. ആര്‍ക്ക് പഠിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു വിജയിച്ചവര്‍ക്കും മാത്തമാറ്റിക്സ് ഒരു വിഷയമായി ത്രിവത്സര ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അഞ്ചുവര്‍ഷ പ്രോഗ്രാമായ ബി.ആര്ക്കിന് പ്രവേശനം നേടാം. ബിരുദാനന്തരബിരുദ തലത്തില്‍ എം.ആര്‍ക്ക്, എം.പ്ലാന്‍ ( മാസ്റ്റര്‍ ഓഫ് പ്ലാനിംഗ്) പ്രോഗ്രാമുകളും വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. ഗവേഷണം വഴി പി.എച്ച്ഡി നേടാനുള്ള അവസരവും നിലവിലുണ്ട്. പഠനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ അംഗീകാരം ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തില്‍ പഠിക്കാം
കേരളത്തിലെ ബി.ആര്‍ക്ക് പ്രവേശനം അഖിലേന്ത്യാതലത്തില്‍ നടക്കുന്ന അഭിരുചി പരീക്ഷയായ ‘നാറ്റ’ (NATA നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) സ്കോറും പ്ലസ് ടു പരീക്ഷാ സ്കോറും തുല്യഅനുപാതത്തില് പരിഗണിച്ചാണ്. ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ ഒഴികെ രാജ്യത്തെ മിക്ക സ്ഥാപനങ്ങളിലും ആര്‍ക്കിടെക്ച്ചര്‍ പ്രവേശനത്തിന് പരിഗണിക്കുന്ന അഭിരുചി പരീക്ഷ യാണ് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ‘നാറ്റ.’ 125 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂര്‍ പരീക്ഷയാണിത്. ആകെ 200 മാര്‍ക്ക്. ചിത്രരചന, നിരീക്ഷണ നൈപുണി, അനുപാതത്തെ കുറിച്ചുള്ള ധാരണ, നിരൂപണ പരമായ ചിന്താഗതി എന്നിവയോടൊപ്പം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലുള്ള മികവും പരിശോധിക്കപ്പെടും.യോഗ്യത നേടാന്‍ 70 മാര്‍ക്ക് നേടണം. നാറ്റ പരീക്ഷ എഴുതുന്നതോടൊപ്പം കേരള എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതുമുണ്ട് ( കീം അപേക്ഷയോടൊപ്പം). പ്ലസ് ടു, നാറ്റ മാര്‍ക്കുകള്‍ യഥാസമയം എന്‍ട്രന്‍സ് കമ്മിഷണറെ അറിയിക്കുകയും വേണം. കേരളത്തില്‍ ഗവെണ്മെന്റ് / എയിഡഡ്/സ്വാശയ മേഖലകളില്‍ മുപ്പതോളം ആര്‍ക്കിടെക്ചര്‍ കോളജുകളുണ്ട്. കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് തൃശ്ശൂര്‍, ടി.കെ.എം എന്‍ജിനീയറിങ് കോളജ് കൊല്ലം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം എന്നിവയാണ് ഗവണ്മെന്റ്/ എയ്ഡഡ് മേഖലയിലുള്ളത്.
പഠനം ഐ.ഐ.ടി, എന്‍.ഐ.ടി കളില്‍
ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ 2A യുടെ മാര്‍ക്ക് പരിഗണിച്ചാണ് എന്‍.ഐ.ടികള്‍, സ്കൂള്‍ ഓഫ് പ്ലാനിംഗ് & ആര്‍ക്കിടെക്ചറുകള്‍ (എസ്.പി.എ) എന്നിവയിലെ ബി.ആര്‍ക്ക് പ്രവേശനം. ജെ.ഇ.ഇ മെയിന്‍ രണ്ടാം സെഷന് ഫെബ്രുവരി രണ്ട് മുതല്‍ മാര്‍ച്ച് രണ്ട് വരെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷ ഏപ്രില്‍ ഒന്നിന്നും പതിനഞ്ചിനുമിടയിലാണ്. വിവിധ ഐ.ഐ.ടികളിലെ പ്രവേശനത്തിന് ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലും (എ.എ.ടി) യോഗ്യത നേടണം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമേ എ.എ.ടി എഴുതാന്‍ സാധിക്കുകയുള്ളൂ. പ്രവേശനത്തിന് ജെ.ഇ. ഇ അഡ്വാന്‍സ്ഡ് റാങ്ക് തന്നെയാണ് പരിഗണിക്കുന്നത്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് മെയ് 26നും എ.എ.ടി ജൂണ്‍ 12നും നടക്കും .
പ്രധാന സ്ഥാപനങ്ങള്‍
ഖരക്പൂര്‍, റൂര്‍ക്കി, വാരണാസി ഐ.ഐ.ടികള്‍, കോഴിക്കോട്, ട്രിച്ചി, റൂര്‍ക്കേല എന്‍.ഐ.ടികള്‍, ഐ.ഐ.ഇ.എസ്.ടി ഷിബ്പൂര്‍, സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഡല്‍ഹി, ജെ.ജെ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ മുംബൈ, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റാഞ്ചി, മണിപ്പാല്‍ യൂണിവേഴ്സിറ്റി, ജെ.എന്‍.ടി.യു സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഹൈദരാബാദ്, ബി.എം.എസ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ ബെംഗളൂരു, സി.ഇ.പി.ടി അഹമ്മദാബാദ്, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി കൊല്‍ക്കത്ത തുടങ്ങിയവ മികച്ച സ്ഥാപനങ്ങളാണ്. വിദേശ രാജ്യങ്ങളിലും ആര്‍ക്കിടെക്ചര്‍ പഠനത്തിന് നിരവധി അവസരങ്ങളുണ്ട്. അമേരിക്ക, യു.കെ, ജര്‍മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍, കാനഡ, ഇറ്റലി, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണങ്ങളാണ്. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാഞ്ചസ്റ്റര്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, എം.ഐ.ടി, ടെക്സാസ് യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ഇ.ടി.എച്ച് സൂറിച്ച് തുടങ്ങിയവ ഈ മേഖലയിലെ മികവുറ്റ സ്ഥാപനങ്ങളാണ്.
കരിയര്‍ അവസരങ്ങള്‍
സ്വന്തമായി ആര്‍ക്കിടെക്റ്റായി പ്രാക്ടീസ് ചെയ്യാം. സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അവസരങ്ങളുണ്ട്. നിര്‍മാണ മേഖല, ടൗണ്‍പ്ലാനിങ്, ഇന്റീരിയര്‍ ഡിസൈനിങ്, കണ്‍സള്‍ട്ടന്‍സി, സര്‍വേ ഡോക്യുമെന്റേഷന്, ലാന്റ്സ്കേപ്പ് ഡിസൈന്‍, ബില്‍ഡിങ് കണ്‍സര്‍വേഷന്‍, പ്രതിരോധം, അര്‍ബന്‍ ഡെവലപ്മെന്റ് , ആര്‍ക്കിടെക്ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ തുടങ്ങിയ മേഖലകളില്‍ സാധ്യതകളുണ്ട്. അധ്യാപന മേഖലയിലും അവസരങ്ങളുണ്ട്. സ്വയം സംരംഭത്തിന് യോജിച്ച മേഖലയുമാണ്. ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ മേഖലകളില്‍ ഉപരിപഠനവും സാധ്യമാണ്. ഏതു ബിരുദധാരികള്‍ക്കും യോജിച്ച സിവില്‍ സര്‍വിസസ്, മാനേജ്മെന്റ് പോലെയുള്ള മേഖലകളും പരിഗണിക്കാവുന്നതാണ്.