തിരുവനന്തപുരം: കിംസ് ഹെൽത്ത് ട്രോഫി മീഡിയാ ഫുട്ബോള് ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഐ.എം. വിജയൻ നയിച്ച ടീമും ജോപോൾ അഞ്ചേരി നയിച്ച ടീമും സമനിലയിൽ പിരിഞ്ഞു (2-2 ). ഇരുപകുതികളിലായി ഐ എം . വിജയൻ്റെ പ്രതിഭയുടെ മിന്നലാട്ടം കണ്ട രണ്ടു ഗോളുകളാണ് ടീമിന് സമനില സമ്മാനിച്ചത്. ജോപോൾ ടീമിനു വേണ്ടി മുൻ കേരള ക്യാപ്ടൻ ജയകുമാറും സുരേഷ് കുമാറുമാണ് ഗോളുകൾ നേടിയത്.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബാൾ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ചാണ് മത്സരം അരങ്ങേറിയത്. ഇന്ത്യൻ ടീമിലും സന്തോഷ് ട്രോഫി ടീമുകളിലും ബൂട്ടണിഞ്ഞ മുൻകാല താരങ്ങളാണ് കളത്തിൽ അണിനിരന്നത്. ഐ എം വിജയൻ്റെ ടീമിൽ യു. ഷറഫലി, കുരികേശ് മാത്യു, കെ.ടി.ചാക്കോ, പി.പി.തോബിയാസ്, ഗണേഷ്, മാത്യു വർഗീസ്,അലക്സ് എബ്രഹാം, അബ്ദുൽ റഷീദ്, സുരേഷ് കാസർകോട്, അജയൻ എന്നിവരും ജോപോൾ അഞ്ചേരിയുടെ ടീമിൽ ജിജു ജേക്കബ്, അപ്പുക്കുട്ടൻ,വി.പി.ഷാജി , ഇഗ്നേഷ്യസ്, സുരേഷ് കുമാർ, എബിൻ റോസ്, ശ്രീഹർഷൻ, ജോബി, ജയകുമാർ എന്നിവരുമായിരുന്നു.
മീഡിയ ഫുട്ബാൾ ലീഗിൻ്റെ ഫൈനലിൽ അമൃത ടിവിയെ തോൽപ്പിച്ച് കേരളകൗമുദി ജേതാക്കളായി.സമാപന സമ്മേളനത്തിൽ മുൻ സ്പോർട്സ് മന്ത്രി എം. വിജയകുമാർ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ.സഹദുള്ള എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിനു മുമ്പ്, പ്രസ് ക്ലബിൻ്റെ കായിക കൂട്ടായ്മകൾക്ക് കരുത്ത് പകർന്ന എം.വി.പ്രദീപിനെ അനുസ്മരിച്ചു. ദേശാഭിമാനി ബ്യൂറോ ചീഫ് ദിനേശ് വർമ്മ അനുസ്മരണ പ്രസംഗം നടത്തി. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എൻ.സാനു സ്വാഗതം ആശംസിച്ചു.