ദക്ഷിണേന്ത്യയിലെ യഥാർഥ സൂപ്പർ താരം മെഗാ സ്റ്റാർ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. ഫിലിം കംപാനിയന്റെ 2023ലെ ‘ബെസ്റ്റ് പെർഫോമൻസ്’ റൗണ്ട് ടേബിളിൽ സംസാരിക്കവേയാണ് ജ്യോതിക മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറന്നത്. ഒപ്പമുണ്ടായിരുന്ന നടന് സിദ്ധാര്‍ഥും മമ്മൂട്ടിയെ അഭിനന്ദിച്ചു സംസാരിച്ചു. തന്റെ പ്രശസ്തിയും സ്റ്റാര്‍ഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്ന് ജ്യോതിക പറഞ്ഞു. ഓരോ കഥാപാത്രത്തോടുളള അഭിനിവേശവും അപാരമാണെന്ന് സിദ്ധാര്‍ഥ് പറഞ്ഞു.
”എനിക്കിത് പറയാതിരിക്കാനാവില്ല, ഞാൻ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്നെയാണ്. കാതലിൽ അഭിനയിക്കാൻ പോയ സമയത്ത് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സർ, അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തതെന്ന്? അപ്പോൾ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. ആരാണ് യഥാർഥ നായകൻ? യഥാർഥ നായകൻ ആക്ഷൻ ചെയ്യുകയോ, വില്ലനെ ഇടിച്ചുവീഴ്ത്തുകയോ, റൊമാൻസ് ചെയ്യുകയോ മാത്രം ചെയ്യുന്ന ഒരാളാകരുത്. യഥാർഥ നായകൻ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുളള ആളായിരിക്കണം. ഈ കഥാപാത്രം ശരിയായി വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു”, ജ്യോതിക പറഞ്ഞു.
”മമ്മൂക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ ശരിക്കും അവിശ്വസനീയമാണ്. ഈ പ്രായത്തിലും ‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ’ തുടങ്ങിയ സിനിമകൾ ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ താരതമ്യമില്ലാത്തതാണ്.” സിദ്ധാർഥ് പറഞ്ഞു.
കരീന കപൂര്‍, ബോബി ഡിയോള്‍, വിക്രാന്ത് മാസി തുടങ്ങി പ്രമുഖര്‍ അണിനിരന്ന ചര്‍ച്ചയിലാണ് വാക്കുകള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു