പുറക്കാട് ഗ്രാമപഞ്ചായത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ബഡ്സ് സ്കൂളോ, റീഹാബിലിറ്റേഷന്‍ സെന്ററോ ആരംഭിക്കുന്നതിനുള്ള ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുള്ള തീരദേശ ക്യാമ്പിന്റെ ഭാഗമായി പുറക്കാട് തീരമേഖലയിലെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
പഞ്ചായത്തില്‍ കിടപ്പുരോഗികളായുള്ള നിരവധിപേരുണ്ട്. ഇവര്‍ക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണം നല്ല രീതിയില്‍ എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് സന്ദര്‍ശനം നടത്തിയപ്പോള്‍ മനസിലായതായി കമ്മിഷന് അധ്യക്ഷ പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക വൈകല്യമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ ഇത്തരത്തിലുള്ള ആളുകള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി ലഭിക്കേണ്ട സഹായങ്ങള്‍ എത്തിക്കേണ്ടതിനു വേണ്ടിയുള്ള ഇടപെടല്‍ കുറച്ചുകൂടി ജാഗ്രതപ്പെടുത്തേണ്ടത് ഉണ്ടെന്നും കമ്മിഷന് അധ്യക്ഷ പറഞ്ഞു. ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള പെന്ഷന് പദ്ധതി ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടാകണം. പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണം കൃത്യമായി ലഭ്യമാക്കി കൊടുക്കുന്നു എന്നത് വളരെ നല്ല കാര്യമായാണ് കാണുന്നതെന്നും കമ്മിഷന് അധ്യക്ഷ വ്യക്തമാക്കി.
പഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുടെ മുഴുവന്‍ കണക്കെടുക്കുന്നതിനും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടം കണ്ടെത്തി നല്‍കുന്നതിനും കമ്മിഷന് നിര്‍ദേശം നല്കി.
പഞ്ചായത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഒന്‍പതാം വാര്‍ഡില്‍ പട്ടേരിപ്പറമ്പില്‍ ശ്രീകുമാരി, 15 -ാം വാര്‍ഡില്‍ ഇല്ലത്തു പറമ്പില്‍ രജിത, 17 -ാം വാര്‍ഡില്‍ മേലെ വീട്ടില്‍ വിജയകുമാരി, ഒന്നാം വാര്‍ഡില്‍ പുത്തന്‍പറമ്പ് വീട്ടില്‍ വിജിത, വിനീത, 18-ാം വാര്‍ഡില്‍ രാധ ഭാര്ഗവന് എന്നിവരുടെ വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക വൈകല്യമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ ഇത്തരത്തിലുള്ളവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്. അവരുടെ കാര്യങ്ങളും പ്രശ്നങ്ങളും ചോദിച്ചു മനസിലാക്കിയ ശേഷമാണ് കമ്മിഷന് മടങ്ങിയത്.
വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, വി.ആര്. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ. ആര്. അര്‍ച്ചന, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശനന്, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്. ഉണ്ണി, വാര്‍ഡ് അംഗങ്ങളായ സുഭാഷ് കുമാര്‍, പ്രസന്ന കുഞ്ഞുമോന്, ഷീജ ടീച്ചര്‍, ശ്രീദേവി, ഇ. ഫാസില്‍, ടി.ഡി. മെഡിക്കല്‍ കോളജിലെ ഡോ. എസ്. ഷാലിമ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സന്ധ്യ, ഐ.സി.ഡി.എസ്. കൗണ്‍സിലര്‍ കാവ്യ, സി.ഡി.എസ്. അംഗം പ്രസന്ന വേണു, ജയന് സി. പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.