മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തിരിച്ചടി. ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനെ വിലക്കി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). റഫറിമാരെ വിമർശിച്ചതിനാണ് നടപടി.
ഒരു മത്സരത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനു പുറമേ 50,000 രൂപ പിഴയും ചുമത്തി. ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനുശേഷമാണ് വുക്കൊമനോവിച്ച് റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാർത്തസമ്മേളനത്തിൽ വുക്കൊമനോവിച്ച് പറഞ്ഞത്.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഈ മാസം 14ന് പഞ്ചാബ് എഫ്.സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. മത്സര ദിവസം ടീമിനൊപ്പം ചേരാനുമാകില്ല. ബ്ലാസ്റ്റേഴ്സ്-ചെന്നൈ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരെയും ചെന്നൈയിൻ നേടിയ രണ്ടാം ഗോൾ അനുവദിച്ചതിനെതിരെയുമാണ് വുക്കൊമനോവിച്ച് വിമർശനം ഉന്നയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു