വിജയ് ഹസാരെ ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. സൗരാഷ്ട്രയിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസന്റെ അഭാവത്തിൽ 200 റൺസിന്റെ നാണംകെട്ട തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
മഹിപാൽ ലൊംറോറിന്റെ സെഞ്ച്വറിയും(122) കുനാൽ സിങ് റാത്തോഡിന്റെ അർധസെഞ്ച്വറിയും(66) ആണ് കേരളത്തിന്റെ ബൗളിങ് മികവിൽനിന്ന് രാജസ്ഥാനെ രക്ഷിച്ചത്. എന്നാൽ, അനികേത് ചൗധരി, അറഫാത്ത് ഖാൻ, ഖലീൽ അഹ്മദ് എന്നിവരുടെ മാസ്മരിക ബൗളിങ്ങിൽ ടീം കേരളയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.
കേരളത്തിനായി അഖിൻ സത്താർ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ കേരളത്തെ നേരിടാൻ മൂന്ന് ബൗളർമാരെ മാത്രമേ രാജസ്ഥാൻ നായകൻ ഹൂഡയ്ക്ക് കളത്തിലിറക്കേണ്ടിവന്നുള്ളൂ. ഖലീൽ അഹ്മദും അറഫാത്ത് ഖാനും അനികേത് ചൗധരിയും ചേർന്ന് കേരളബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചുകളഞ്ഞു. രണ്ടേരണ്ടുപേർ മാത്രമാണ് ടീം കേരളയിൽ രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ 11ഉം സച്ചിൻ ബേബിയുടെ 28ഉം ആണ് കേരളത്തെ വമ്പൻ നാണക്കേടിൽനിന്നു രക്ഷിച്ചത്.
അനികേത് ചൗധരിയുടെയും അറഫാത്ത് ഖാന്റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്. അനികേത് നാലും, ഖാൻ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് എടുത്തപ്പോൾ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു