ലണ്ടൻ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ സ്കോട്ട്ലൻഡ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ബ്രിട്ടൻ.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ യൂസഫ് ഇസ്രായേലിനെതിരെ രംഗത്തെത്തിയത്. ഇതാണ് ബ്രിട്ടീഷ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നാണു വ്യക്തമാകുന്നത്. പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഇനിയും ഇത്തരം നടപടി തുടര്‍ന്നാല്‍ സഹകരണം റദ്ദാക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറോണ്‍ മുന്നറിയിപ്പ് നല്കി.
ദുബൈയില്‍ നടക്കുന്ന യു.എൻ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറൻസിന്(കോപ്28 ഉച്ചകോടി) ഇടയിലായിരുന്നു ഹംസ യൂസഫ്-ഉര്ദുഗാൻ കൂടിക്കാഴ്ച. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. അടിയന്തരമായും എക്കാലത്തേക്കും വെടിനിര്‍ത്തല്‍ നിര്ത്തിവയ്ക്കണമെന്നൂ കൂടിക്കാഴ്ചയ്ക്കുശേഷം ഹംസ യൂസുഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടൻ വെടിനിര്‍ത്തല്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍, ഉര്‍ദുഗാനൊപ്പമുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് പ്രതിനിധിയെ പങ്കെടുപ്പിച്ചില്ലെന്നു പറഞ്ഞാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സ്കോട്ട്ലൻഡിനെതിരെ രംഗത്തെത്തിയത്. നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാമറോണ്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യം യു.കെ മന്ത്രിമാരുടെ അധികാരത്തില്‍ വരുന്നതാണെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഒറ്റ സ്വരത്തില്‍ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയും ഇത്തരം സമീപനം തുടര്‍ന്നാല്‍ സ്കോട്ട്ലൻഡിന്റെ വിദേശത്തെ ഓഫിസുകള്‍ അടച്ചുപൂട്ടുമെന്ന് കാമറോണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സ്കോട്ട്ലൻഡ് മന്ത്രിമാര്‍ക്കു സഹായം നല്‍കുന്നത് നിര്‍ത്തുമെന്നും വ്യക്തമാക്കി. എന്നാല്‍, കൂടിക്കാഴ്ചയിലേക്ക് ബ്രിട്ടീഷ് അധികൃതരെ ക്ഷണിച്ചിരുന്നുവെന്നാണ് ഹംസ യൂസഫിന്റെ വക്താവ് പ്രതികരിച്ചത്.