പ്രത്യേക ലേഖകൻ
യുഎൻ കാലാവസ്ഥാ ചർച്ചകളിൽ സമത്വവും നീതിയും പാലിക്കണമെന്ന ആവശ്യമുയർത്തി ഇന്ത്യ. ആഗോള കാലാവസ്ഥാ സംരക്ഷണ യത്നങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ നേതൃത്വം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ദുബായിൽ 2023 നവംബർ 29 മുതൽ ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന യുഎൻ ആഗോള കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് ഇതു ഉന്നയിക്കപ്പെട്ടത്. വികസ്വര രാജ്യമെന്ന നിലയിൽ ഹരിത വാതക ബഹിർഗമനം കുറയ്ക്കാൻ നിർബ്ബന്ധിക്കപ്പെടരുതെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിന് അനുസൃതമായുള്ള ആവശ്യങ്ങളാണ് ദുബായ് കാലാവസ്ഥാ സമ്മേളനത്തിൽ ഇന്ത്യ മുന്നോട്ടുവച്ചത്.
വ്യാവസായിക വിപ്ലവാനന്തരം കാലാവസ്ഥാ താപന വർദ്ധനക്ക് വഴിവയ്ക്കുന്നതിൽ സമ്പന്ന രാജ്യങ്ങളാണ് മുൻപന്തിയിൽ. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളാണ് കാലാവസ്ഥ വ്യതിയാന ലഘൂകരണ ദൗത്യ ത്തിൽ സജീവ പങ്കാളികളാകേണ്ടതെന്ന വാദമാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഉയർത്തുന്നത്. ഈ വാദത്തിൻ്റെ അടിസ്ഥാനത്തിലാണ് ആഗോള കാലാവസ്ഥാ സംരക്ഷണ ദൗത്യത്തിൽ തുല്യതയും നീതിയും ഉറപ്പിക്കപ്പെടണമെന്ന ആവശ്യകതയിൽ ഇന്ത്യ ഊന്നൽ നൽകുന്നത്.
ദുബായിലെ എക്‌സ്‌പോ സിറ്റിയിലാണ് സിഒപി – 28 (COP28) എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥ ഉച്ചകോടി പുരോഗമിക്കുന്നത്. 1992-ലെ ക്യോട്ടോ ഭൗമ ഉച്ചകോടിയിൽ രൂപംകൊണ്ട യുഎൻ കാലാവസ്ഥാ ഉടമ്പ ടിക്ക് ശേഷമാണ് വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. ആഗോള താപനില വർദ്ധന പരിമിതപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഘാതങ്ങളുമായി പൊരുത്തപ്പെ ടുന്നതിനുമുള്ള നയങ്ങൾ സർക്കാരുകൾ അംഗീകരിക്കുകയെന്നതാണ് കാലാവസ്ഥ സമ്മേളനങ്ങൾ ലക്ഷ്യംവയ്ക്കുന്നത്. കാലാവസ്ഥാ ഉച്ചകോടി ഡിസംബർ 12ന് അവസാനിക്കാനിരിക്കെ ഭാവിയിൽ ജൈവ ഇന്ധന ഉപയോഗത്തെപ്രതിയുള്ള കൂടിയാലോചനകളും ചർച്ചകളുമാണ് ദുബായ് ആഗോള കാലാവസ്ഥ സമ്മേളനത്തെ സജീവമാക്കുന്നത്. സമ്മേളനത്തിന് തുടക്കംകുറിച്ചുള്ള പരിപാടിയിൽ പ്രസംഗിക്കവെ 2028- ൽ COP-33 ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാമെന്ന ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനം ശ്രദ്ധേയമായി.
ഇന്ത്യയുടെ വൈദ്യുതി വിതരണത്തിന്റെ 80 ശതമാനവും കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതിയാണ്. ഗ്ലാസ്‌ഗോ ഉച്ചകോടി (COP26) യിൽ പക്ഷേ ആഗോളതലത്തിൽ കൽക്കരിയിൽ നിന്നുള്ള ഊർജ്ജോല്പാദന ലഘൂകരണമെന്ന കരാറിന് ഊന്നൽ നൽകപ്പെട്ടുവെന്നത് ഇന്ത്യയുടെ ഊർജ്ജ താല്പര്യങ്ങൾക്ക് തിരിച്ചടിയായി. ഈജിപ്തിൽ കഴിഞ്ഞ വർഷം നടന്ന സിഒപി – 27 സമ്മേളനത്തിൽ ജൈവ ഇന്ധനോല്പാദനത്തിൻ്റെ സമയപരിധി ദീർഘിപ്പിയ്ക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തുവെങ്കിലും അതിന് കാര്യമായ സ്വീകാര്യതയാർജ്ജിയ്ക്കുവാനായില്ല.
കടുത്ത വേനൽക്കാലത്ത് ഇന്ത്യയുടെ ആഭ്യന്തര വൈദ്യുതി ആവശ്യകത കുതിച്ചുയരുകയാണ്. മണിക്കൂറിൽ 140 ബില്യൺ കിലോവാട്ട് വൈദ്യുതി ആവശ്യകത. ഈ പശ്ചാത്തലത്തിൽ കൽക്കരിയിധിഷ്ഠിത ഊർജ്ജോല്പാദന ലഘൂകരണത്തിൽ കല്പിക്കപ്പെടുമ്പോലെ നിശ്ചിത സമയക്രമം പാലിക്കുകയെന്നത് ഇന്ത്യക്ക് ഒട്ടുമേ എളുപ്പമാകില്ല.
2030 ആകുമ്പോഴേക്കും 50 ശതമാനം വൈദ്യുതിയും പുനരുപയോഗ സ്രോ തസ്സുകളിൽ നിന്നായിരിക്കണമെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ദുർബ്ബലമായ കാലവർഷം ജലവൈദ്യുതി ഉല്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ടുതാനും. അതിനാൽ അടുത്ത 16 മാസത്തിനുള്ളിൽ 17 ജിഗാവാട്ട് കൽക്കരിയിധിഷ്ഠിത ഊർജ്ജോല്പാദനശേഷി കൂട്ടിച്ചേർക്കുവാനുള്ള നടപടികളിലാണ് ഇന്ത്യ. ആഗോള കാലാവസ്ഥാവ്യതിയാന ലഘൂകരണ ദൗത്യത്തിൽ വാഗ്ദാനം ചെയ്യപ്പെടുമ്പോലെ പ്രായോഗിക തലത്തിൽ ഇന്ത്യക്ക് ക്രിയാത്മക പങ്കാളിത്തം വഹിക്കുവാനാകുമോയെന്ന സംശയമാണ് ഇത്തരം നടപടികളിൽ നിന്നുയരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു