കെ.കെ ശ്രീനിവാസൻ
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് തൊഴിൽ നികുതി (Professional Tax) ഒടുക്കേണ്ടിവരുമോയെന്നതിൽ ആശയ വ്യക്തതക്ക് വഴിയൊരുങ്ങുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും തൊഴിൽ നികുതി ഒടുക്കേണ്ടി വന്നേക്കാം.
2020 വരെ ഇന്ത്യയിലെ ജീവനക്കാരും കമ്പനികളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതായി സങ്കല്പിപ്പിച്ചിരുന്നില്ല. കോവിഡ് മഹാമാരി Covid Pandemic) കമ്പനി നയങ്ങളിൽ അപ്രതീക്ഷിത മാറ്റങ്ങൾ സൃഷ്ടിച്ചു. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി (Work-from-home) ക്രമീകരണം നിർബ്ബന്ധമാക്കേണ്ടതായി വന്നു. എന്നാൽ ലോക്ക്ഡൗൺ (lock-down) പിൻവലിച്ചതിന് ശേഷവും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന അവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടില്ല. ഇതിലൂടെയുണ്ടാകുന്ന ചെലവുചുരുങ്ങൽ നേട്ടങ്ങൾ മാനേജ്മെൻ്റുകൾക്ക് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് തുടർന്നും ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചത്.
ഓഫിസിലിരുന്ന ജോലി ചെയ്യുന്നില്ലെന്നവസ്ഥ പക്ഷേ തൊഴിൽ നികുതി ബാധ്യസ്ഥമാക്കുന്നുണ്ടോയെന്ന ആശയക്കുഴപ്പത്തിന് വഴി വയ്ക്കാതിരുന്നിട്ടില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ തൊഴിൽ നികുതി ഒടുക്കാൻ ബാധ്യസ്ഥരാണോയെന്നതിലെ വ്യക്തതയില്ലായ്‌കയാണ് ഇത്തരമൊരു ആശയക്കുഴപ്പത്തിന് കാരണമായത്. ഇക്കാര്യത്തിൽ നിയതമായ മാർഗ്ഗനിർദ്ദേശങ്ങളോ നിയമ നിർമ്മാണങ്ങളോ രൂപപ്പെടുത്തിയിട്ടില്ല താനും. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും തൊഴിൽ നികുതി ബാധകമാകുമെന്നതിലൂന്നിയുള്ള ആശയ വ്യക്തത പരിശോധിക്കപ്പെടുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ തൊഴിൽ നികുതി തിട്ടപ്പെടുത്തുമ്പോൾ പ്രത്യേകം ചില കാര്യങ്ങൾ പരിഗണിയ്ക്കപ്പെടേണ്ടി വരും. ഹോം ഓഫീസ്, ഇന്റർനെറ്റ്, കമ്പ്യൂട്ടർ – അനുബന്ധ ഉപകരണങ്ങൾ, സോഫ്‌റ്റ്‌വെയർ തുടങ്ങിയ ചെലവുകൾ കുറച്ചതിനു ശേഷമുള്ള വരുമാന/ശമ്പളത്തെ ആധാരമാക്കിയാകണം തൊഴിൽ നികുതി കണക്കാക്കേണ്ടത്.
വിട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ തൊഴിൽ നികുതിയിൽ വ്യവസ്ഥകൾക്ക് വിധേയമായി ഹോം ഓഫീസ് കിഴിവ് അവകാശപ്പെടാം. വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നവർ തൊഴിലിടമെന്നതിന് മാത്രമായി ഒരു പ്രത്യേക മുറി സജ്ജമാക്കേണ്ടതുണ്ട്. ഇത് ജോലിക്ക് വ്യാപകമായി ഉപയോഗിക്കണം. വീടിന് പുറത്ത് മറ്റൊരു തൊഴിലിടമുണ്ടാകരുത്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ അത് ഹോം ഓഫീസ് തൊഴിൽ നികുതി ഇളവിന് യോഗ്യതയാകും.
നിശ്ചിത തലത്തിൽ കൂടുതൽ വരുമാനം നേടുന്ന എല്ലാ വ്യക്തികൾക്കും അവർ ശമ്പളമോ സ്വയംതൊഴിൽ ചെയ്യുന്നവരോയെന്നത് പരിഗണിക്കാതെ ചുമത്തപ്പെടുന്നതാണ് തൊഴിൽ നികുതി. ഭരണഘടനയുടെ ആർട്ടിക്കിൾ 276 ( Indian Constitution article 276) അനുസരിച്ച് സംസ്ഥാന സർക്കാരുകളാണ് തൊഴിൽ നികുതി ഘടന നിശ്ചയിക്കുന്നത്. തൊഴിൽ നികുതി ചുമത്തുന്ന ഓരോ സംസ്ഥാന സർക്കാരുകൾക്കും അവരുടേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും തൊഴിൽ നികുതി ഘടന വ്യത്യസ്തമാണ്. തൊഴിൽ നികുതി ഒടുക്കുന്ന വ്യക്തിക്ക്1961-ലെ ആദായനികുതി നിയമപ്രകാരം (Income Tax Act-1961) നികുതി ഇളവുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് 2500 രൂപയിൽ കൂടുതൽ ഒരു വർഷം തൊഴിൽ നികുതിയായി ഈടാക്കാനാകില്ലെന്നത് ശ്രദ്ധേയം.
സംസ്ഥാനങ്ങളുടെ തൊഴിൽ നികുതി നിയമ മാനദണ്ഡങ്ങൾക്ക് വിധേയമായി കമ്പനി അതിന്റെ ഓഫീസ് (ഹെഡ് അല്ലെങ്കിൽ ബ്രാഞ്ച്) സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണം. ഈ മാനദണ്ഡം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ജീവനക്കാരൻ ജോലി ചെയ്യുന്ന ബ്രാഞ്ച് ഓഫീസ് അല്ലെങ്കിൽ ശമ്പളം നൽകുന്ന ഓഫീസ് സംസ്ഥാന നിയമങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തൊഴിൽ നികുതി ബാധകമാകും. ഹെഡ് ഓഫീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ബ്രാഞ്ച് ഓഫീസോ ഓഫീസോ ശമ്പളം നൽകുന്നില്ലെങ്കിൽ തൊഴിൽ നികുതി ബാധകമാകുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു