കോട്ടയം : കനമുള്ള വാക്കും കർശനനിലപാടുമായി സിപിഐയെ നയിച്ച കാനം രാജേന്ദ്രന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാടായ കോട്ടയത്തേക്ക്. തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിൽ പൊതുദർശനത്തിനു വച്ചശേഷമാണ് ജന്മനാടായ കോട്ടയത്തെ കാനത്തേക്ക് വിലാപയാത്രയായി പുറപ്പെട്ടത്. വൻ ജനാവലിയാണ് പ്രിയ സഖാവിനു യാത്രാമൊഴിയേകുന്നത്. വഴിനീളെ ആദരമർപ്പിക്കാൻ ഒട്ടേറെ ആളുകൾ കാത്തുനിൽക്കുന്നതിനാൽ, ഭൗതികശരീരം സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിക്കാൻ നിശ്ചയിച്ചതിലും വൈകും. നിലവിൽ ആലപ്പുഴ ജില്ലയിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്.
കോട്ടയം ജില്ലയുടെ അതിർത്തിയായ ചങ്ങനാശേരിയിൽ ഭൗതികദേഹം സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ഏറ്റുവാങ്ങും. ജില്ലയിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും വിലാപയാത്രയെ അനുഗമിക്കും. ചിങ്ങവനത്തും കുറിച്ചിയിലും നാട്ടകത്തും തിരുനക്കരയിലും പ്രവർത്തകർക്കും ജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാം. സിപിഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുശേഷം ഭൗതികദേഹം കോട്ടയത്തെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 11ന് കോട്ടയം വാഴൂരിൽ നടക്കും. കാനത്തിന്റെ മകൻ സന്ദീപ്, കൊച്ചുമകൻ, മന്ത്രി പി.പ്രസാദ് എന്നിവർ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ആയിരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചു. കാനത്തിന്റെ മൃതദേഹം പട്ടത്തെ പിഎസ് മന്ദിരത്തിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ, പി.സന്തോഷ് കുമാർ എംപി, പി.പി.സുനീര്, ബിനോയ് വിശ്വം, കെ.ഇ.ഇസ്മയിൽ, കെ.പി.രാജേന്ദ്രൻ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ കാനത്തിന് ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, എം.വിജയകുമാർ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ശനിയാഴ്ചത്തെ നവകേരള സദസ്സ് മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കാര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.
പ്രമേഹത്തെ തുടർന്നു വലതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി അമൃത ആശുപത്രിയിൽ കഴിയുകയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു നേരിയ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നാലെ കടുത്ത ഹൃദയാഘാതമുണ്ടായി. 2015 മുതല് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനും സിപിഐയുടെ നേതൃനിരയിലുള്ളപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ കാനം 1982 ൽ 32–ാം വയസ്സിൽ വാഴൂരിൽനിന്ന് എംഎൽഎയായി, 87 ലും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു 3 തവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.
അധികാരശ്രേണിയുടെ കയറ്റിറക്കം കടന്നാണ് സിപിഐ അമരത്തെത്തുന്നത്. പി.കെ.വാസുദേവൻ നായർക്കു ശേഷം കോട്ടയം ജില്ലയിൽനിന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം 2015 ൽ കോട്ടയത്തു തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആ പദവിയിൽ എത്തിയത്. പിന്നീട് മലപ്പുറം, തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും സെക്രട്ടറിയായി.
എതിർശബ്ദങ്ങളെ മെരുക്കി സെക്രട്ടറി എന്ന നിലയിൽ സമ്പൂർണ ആധിപത്യം കാനം കൈവരിച്ച ഘട്ടത്തിലാണ് വിയോഗം. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്. എഐടിയുസി സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. 53 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്കു വന്ന കാനം 1970 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 2 തവണ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു