കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9-ന് നടക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ഞൂറോളം അവയവദാതാക്കളും സ്വീകര്‍ത്താക്കളുമാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഗെയിംസിന്റെ ജഴ്സി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാറും, മെഡലുകള്‍ ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ളയും അനാച്ഛാദനം ചെയ്തു. ദാതാക്കള്‍ക്കും, സ്വീകര്‍ത്താക്കള്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍ നടക്കുക. വൃക്ക ദാതാക്കളായ 29 പേരും കരള്‍ ദാതാക്കളായ 47 പേരും, വൃക്ക സ്വീകരിച്ച 130 പേരും കരള്‍ സ്വീകരിച്ച 111 പേരും ഹൃദയം സ്വീകരിച്ച 31 പേരുമാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.
9ന് രാവിലെ 6.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വരെ റേസ് വാക്ക് നടക്കും. 9 മണി മുതല്‍ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ബാഡ്മിന്റണ്‍, ഡാര്‍ട്ട്, ചെസ്സ്, കാരംസ്, ബാസ്കറ്റ് ബോള്‍ ഷൂട്ടൗട്ട്, ടേബിള്‍ ടെന്നിസ്, നീന്തല്‍, 200 മീറ്റര്‍ ഓട്ടം, അഞ്ച് കിലോ മീറ്റര്‍ നടത്തം എന്നീ ഇനങ്ങളും ഉച്ചയ്ക്ക് ഒരു മണിക്ക് ഇടപ്പള്ളി ലുലു മാളില്‍ ബൗളിംഗും നടക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മാനദാന പരിപാടി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീല്‍ ഉദ്ഘാടനം ചെയ്യും.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (കെ-സോട്ടോ), ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള (ലിഫോക്), കൊച്ചി നഗരസഭ, കെഎംആര്‍എല്‍, റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍, ജിസിഡിഎ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഏഴ് വയസ്സ് മുതല്‍ 70 വയസ്സുവരെയുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല് തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവരും ദാതാക്കളുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കൂടാതെ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളും ഗെയിംസില്‍ പങ്കെടുക്കും.
അവയവദാതാക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരവ് പ്രകടിപ്പിക്കാനും ഗെയിംസ് വേദി ഉപയോഗിക്കും. അവയവ സ്വീകര്‍ത്താക്കളുടെ ആത്മവിശ്വാസവും മനോവീര്യവും വളര്‍ത്തുകയും ഗെയിംസിന്റെ ലക്ഷ്യമാണ്. അവയവ മാറ്റത്തിന് വിധേയരായവര്‍ക്ക് നിശ്ചിത കാലത്തിന് ശേഷം മറ്റ് മനുഷ്യരെ പോലെ സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ട്രാന്‍സ്പ്ലാന്റ് ഗെയിംസിലൂടെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ലക്ഷ്യമിടുന്നുണ്ട്.