കൊച്ചി: റൂപേ പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം എഡിഷന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് തങ്ങളുടെ നാല് താരങ്ങളെ നിലനിര്‍ത്തി. അറ്റാക്കര്‍മാരായ എറിന് വര്‍ഗ്ഗീസ്, ജോര്‍ജ്ജ് ആന്റണി ഓപ്പോസിറ്റ് ജിബിന്‍ സെബാസ്റ്റിയന് മിഡില്‍ ബ്ലോക്കര്‍ അഭിനവ് ബിഎസ് എന്നിവരെയാണ് നിലനിര്‍ത്തിയത്.
പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ രണ്ട് എഡിഷനുകളിലും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് വേണ്ടി തിളങ്ങിയ പ്രധാന കളിക്കാരനാണ് എറിന് വര്‍ഗ്ഗീസ്. ജോര്‍ജ്ജ് ആന്റണിയും ജിബിന്‍ സെബാസ്റ്റ്യനും കഴിഞ്ഞ സീസണ് മുതലാണ് ടീമിനൊപ്പം ചേര്‍ന്നത്. മൂന്നാം എഡിഷനുള്ള ലേലം ഡിസംബര്‍ ഏഴിന് ബംഗളൂരുവില്‍ നടക്കും. ഈ വര്‍ഷം 550 കളിക്കാരാണ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19ന് ചെന്നൈയില്‍ ആരംഭിക്കുന്ന മൂന്നാം എഡിഷന് മാര്‍ച്ച് 22ന് അവസാനിക്കും.
കഴിഞ്ഞ എഡിഷനിലെ മികവിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ഉടമ തോമസ് മുത്തൂറ്റ് അറിയിച്ചു. എല്ലാ മേഖലയിലും കരുത്തുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കുന്നതിനായി ഏറ്റവും മികച്ച കളിക്കാരെ ലേലത്തില്‍ വാങ്ങാനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ കളിക്കാരുമായുള്ള കരാര്‍ ഉടന്‍ തന്നെ ഒപ്പ് വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.