കൊച്ചി :ഈ വർഷത്തെ ഏറ്റവും മികച്ച ആശുപത്രികൾ കണ്ടെത്തുന്നതിനായി നടത്തിയ സർവേയിൽ ഒന്നാമതെത്തി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ദ വീക്കും ഹൻസ റിസർച്ചും ചേർന്ന് നടത്തിയ സർവേയിലാണ് രാജ്യത്തെ വളർന്നു വരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ പട്ടികയിൽ ആസ്റ്റർ മെഡ്സിറ്റി ഒന്നാമതെത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച 24 ആശുപത്രികളുടെ പട്ടികയിലും മുൻ നിരയിൽ ഇടം പിടിക്കാനും ആസ്റ്റർ മെഡ്സിറ്റിക്ക് കഴിഞ്ഞു.
ഡൽഹി ഉൾപ്പെടെ രാജ്യത്തെ 17 നഗരങ്ങളിലെ പ്രധാനപ്പെട്ട ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു സമഗ്രമായ സർവേ നടത്തിയത്. 790 ജനറൽ ഫിസിഷ്യന്മാരും വിദഗ്ധരായ 1,165 ആരോഗ്യ പ്രവർത്തകരുമായിരുന്നു സർവേയിൽ പങ്കെടുത്തത്. അതാത് നഗരങ്ങളിലെ ഏറ്റവും മികച്ച 10 മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ നാമനിർദ്ദേശം ചെയ്ത് വിവിധ വിഭാഗങ്ങളിൽ വോട്ട് ചെയ്യാനായിരുന്നു ഇവർക്ക് നൽകിയിരുന്ന നിർദ്ദേശം. ഇതിൽ ആറ് വിഭാഗങ്ങളിലാണ് ആസ്റ്റർ മെഡ്സിറ്റി നേട്ടം കരസ്ഥമാക്കിയത്.
വളർന്നു വരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ പട്ടികയിൽ ഒന്നാമതെത്തിയതിന് പിന്നാലെ സ്വകാര്യ മേഖലയിലെ മികച്ച മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുടെ പട്ടികയിൽ രാജ്യത്ത് 14-ആം സ്ഥാനത്താണ് ആസ്റ്റർ മെഡ്സിറ്റി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളിൽ അഞ്ചാം സ്ഥാനത്തും സർവേ പ്രകാരം ദക്ഷിണേന്ത്യയിലെ ഏഴാമത്തെ മികച്ച മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ സ്വകാര്യ മേഖലയിൽ ആറാം സ്ഥാനത്താണ് ആസ്റ്റർ മെഡ്സിറ്റി. മികച്ച കാർഡിയോളജി സേവനങ്ങൾ നൽകുന്ന ആശുപത്രികളുടെ പട്ടികയിൽ ദേശീയ തലത്തിൽ 16-ആം സ്ഥാനവും ആസ്റ്റർ മെഡ്സിറ്റി കരസ്ഥമാക്കി. ഈ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ ഏട്ടാം സ്ഥാനത്താണ് മെഡ്സിറ്റി.
ആസ്റ്റർ മെഡ്സിറ്റിയെ രാജ്യത്തെ വളർന്നു വരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഏറ്റവും മികച്ചതായി അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. രോഗികൾക്ക് തുടർന്നും ഏറ്റവും മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധരാക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവേയിലുടനീളം സൂക്ഷ്മമായ മൂല്യനിർണയ രീതിയായിരുന്നു അധികൃതർ അവലംബിച്ചിരുന്നത്. ഇതിനായി പ്രാഥമിക സർവേകൾക്ക് പുറമേ മറ്റ് സ്ത്രോതസുകളിൽ നിന്ന് ആശുപത്രികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൂടി ശേഖരിച്ച് വിദഗ്ധ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ചിരുന്നു. കണ്ടെത്തലുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനായി വിവിധ നഗരങ്ങളിലെ 70ഓളം വിദഗ്ധരുമായി ഫോണിലൂടെയുള്ള അഭിമുഖങ്ങൾ കൂടി നടത്തിയ ശേഷമായിരുന്നു അന്തിമ ഫലം പുറത്തു വിട്ടത്.