കൊച്ചി :നാല് വിദ്യാര്‍ഥികളുടെ മരണത്തില്‍ കാരണമായ കുസാറ്റ് ദുരന്തം വിരല്‍ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈകോടതി.അപകടം സംബന്ധിച്ച് ഏതെല്ലാം തരത്തിലുള്ള അന്വേഷണങ്ങളാണ് നടക്കുന്നതെന്ന വിവരം കൈമാറണമെന്നും സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ സര്‍വകലാശാല അധികൃതര്‍ക്കും ചില ഉത്തരവാദിത്തമുണ്ട്. വിവിധ പരിപാടികളുടെ സംഘാടകരായ കുട്ടികളെ കുറ്റക്കാരാക്കരുത്. കുട്ടികള്‍ കുറ്റക്കാരല്ലെന്നും കുട്ടികളെ കുറ്റക്കാരാക്കുന്ന സമീപനവും പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
കുസാറ്റ് ദുരന്തത്തെ കുറിച്ച് നാലു തരത്തിലുള്ള അന്വേഷണം നടക്കുന്നതായി സര്‍വകലാശാല കോടതിയെ അറിയിച്ചു. മജിസ്റ്റീരിയല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സിൻഡിക്കേറ്റ് ഉപസമിതി, മനുഷ്യാവകാശ കമീഷൻ എന്നീ അന്വേഷണങ്ങളാണ് നടക്കുന്നത്. വിഷയത്തെ ഗൗരവത്തോടെയാണ് സര്‍ക്കാരും സര്‍വകലാശാലയും കാണുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കുസാറ്റ് ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. വിദ്യാര്‍ഥികളുടെ പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്ത് സര്‍വകലാശാല അവഗണിച്ചു. അതിനാല്‍ തന്നെ സര്‍വകലാശാലയുടെ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ കെ.എസ്.യു ചൂണ്ടിക്കാട്ടി. ഹരജി ഡിസംബര്‍ 14ന് വീണ്ടും കോടതി പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു