മഡ്ഗാവ്: ഐ.എസ്.എലിലെ വമ്പന്മാര് തമ്മിലുള്ള പോരാട്ടത്തില്‍ എഫ്സി ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒന്നാംസ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ഒറ്റ ഗോളില്‍ തകര്‍ത്ത് ഗോവ പോയന്റ് പട്ടികയില്‍ തലപ്പത്തെത്തി. ബ്ലാസ്റ്റേഴ്സ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്. വിക്ടര്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍നിന്ന് റൗളിങ് ബോര്ജാണ് ഗോവയ്ക്കായി വല കുലുക്കിയത്. ഗോള്‍ നേട്ടത്തിനു പിന്നാലെ ബോര്‍ജ് പരിക്കേറ്റ് പുറത്തായി. മത്സരത്തിനിടെ കേരള താരത്തിന്റെ കാലില്‍ തട്ടിയാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്ട്രെച്ചറില്‍ ഡ്രസ്സിങ് റൂമിലെത്തിച്ചു.
രണ്ടാം പാതിയില്‍ മഞ്ഞപ്പട ഗോള്‍ തിരിച്ചിടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചു. അതിനൊത്തെ പ്രതിരോധവും ഗോവ പുറത്തെടുത്തു. മുന്‍ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലായിരുന്ന ഗോവയുടെ പ്രതിരോധം ശക്തമായിരുന്നു. ഇതോടെ ഗോള്‍ അകന്നുനിന്നു.
ഏഴ് മത്സരങ്ങളില്‍ 19 പോയിന്റാണ് ഗോവയ്ക്ക്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 17 പോയിന്റുണ്ട്. അഞ്ച് മത്സരങ്ങളില്‍ 15 പോയിന്റുള്ള എടികെ മോഹന്‍ ബഗാന് 15 പോയിന്റൊടെ മൂന്നാം സ്ഥാനത്ത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു