ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്നാമൂഴം കൊതിച്ച കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്നങ്ങളെ തച്ചുടച്ച് തെലങ്കാനയില്‍ രേവന്ത് റെഡ്ഢിയുടെ തേരോട്ടം.119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടിയാണ് റെഡ്ഢിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്.
രേവന്ത് റെഡ്ഢി എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ വിജയം കൂടിയാണ് തെലങ്കാനയിലേത്. കെസിആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവണ്മെന്റ് ഇദ്ദേഹത്തിന് പരോള്‍ നല്‍കിയിരുന്നത്.
നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തില്‍ കെസിആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും റെഡ്ഢി കാണിച്ചു. ഒടുവില്‍ ഫലം വരുമ്ബോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെവിആര്‍ റെഡ്ഢിക്കും താഴെ മൂന്നാമതാണ് കെസിആര്‍ നില്‍ക്കുന്നത്.
സ്കൂള്‍ പഠനകാലത്ത് എബിവിപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു റെഡ്ഢി. പിന്നീട് സംഘ്പരിവാര്‍ ആശയം വിട്ട് തെലുങ്കുദേശം പാര്‍ട്ടിയിലേക്കും പിന്നീട് കോണ്‍ഗ്രസിലേക്ക് ചേക്കേറി. 2009, 2014 വര്‍ഷങ്ങളില്‍ രണ്ടു തവണ ടിഡിപി ടിക്കറ്റില്‍ ആന്ധ്ര നിയമസഭയിലെത്തിയിട്ടുണ്ട്. 2017ല്‍ കോണ്‍ഗ്രസിലെത്തി. അടുത്ത വര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിച്ചു ജയിച്ചു. തെലങ്കാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി രാഷ്ട്രീയ വിദഗ്ധര്‍ ഇതിനെ വിലയിരുത്തിയിരുന്നു. 2019ല്‍ മല്‍കാജ്ഗിരി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം പാര്‍ലമെന്റിലുമെത്തി.
‘കോണ്‍ഗ്രസാണ് തെലങ്കാന സമ്മാനിച്ചത്. അതിനെ വികസിപ്പിക്കാൻ ആ പാര്‍ട്ടിക്കു മാത്രമേ കഴിയൂ. തെലങ്കാനയ്ക്കു വേണ്ടി പൊരുതി മരിച്ച രക്തസാക്ഷികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനു വേണ്ടിയാണ് ഞാൻ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകും. ഞങ്ങളൊന്നിച്ച് തെലങ്കാനയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും’ – എന്നായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നയുടൻ അദ്ദേഹത്തിന്റെ വാക്കുകള്‍.
2021ലാണ് തെലങ്കാന പിസിസി അധ്യക്ഷായി ചുമുതലയേറ്റത്. ടിആര്‍എസ് (ഇപ്പോള്‍ ബിആര്‍എസ്) സര്‍ക്കാറിന്റെ നയങ്ങളുടെ നിരന്തര വിമര്ശകൻ കൂടിയായിരുന്നു രേവന്ത് റെഡ്ഢി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു