റായ്പുര്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. നാലാം ടി20യില്‍ 20 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്.
റിങ്കു സിംഗാണ് (29 പന്തില്‍ 46)) ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലും 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയുമാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ട്രാവിസ് ഹെഡ് പതിവുപോലെ തകര്‍ത്തടിച്ച് തുടങ്ങി. എന്നാല്‍ 52 റണ്‍സിനിടെ അവര്‍ക്ക് മൂന്ന വിക്കറ്റുകള്‍ നഷ്ടമായി. ജോഷ് ഫിലിപ് (8), ട്രാവിസ് ഹെഡ് (31), ആരോണ്‍ ഹാര്‍ഡി (8) എന്നിവരാണ് പുറത്തായത്. പിന്നീട് ബെന്‍ മക്ഡെര്‍മോട്ട് (19) – ടിം ഡേവിഡ് (19) സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മക്ഡെര്‍മോട്ടിനെ ബൗള്‍ഡാക്കി അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ടിം ഡേവിഡിനെ ദീപക് ചാഹറും തിരിച്ചയച്ചു. മാത്യൂ ഷോര്‍ട്ടും (22) ചാഹറിന്റെ മുന്നില്‍ കീഴടങ്ങി. ബെന്‍ ഡ്വാര്‍ഷിസിനെ (1) ആവേഷ് ഖാന് ബൗള്‍ഡാക്കിയതോടെ ഓസീസിന്റെ കാര്യത്തില്‍ തീരുമാനമായി. മാത്യു വെയ്ഡ് (36) പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ക്രിസ് ഗ്രീന്‍ (1) വെയ്ഡിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാള്‍ പതിവുപോലെ ആക്രമിച്ചുതന്നെ തുടങ്ങി. ഋതുരാജ് ഗെയ്ക്വാദിനൊപ്പം 50 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ പവര്‍പ്ലേയിലെ അവസാന പന്തില്‍ ജയ്സ്വാളിനെ ആരോണ്‍ ഹാര്‍ഡി മടക്കി. 28 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം താരം 37 റണ്‍സെടുത്തു.
തുടര്‍ന്ന് ലോകകപ്പിനു ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യരും (8), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ഇന്ത്യയുടെ റണ്‍റേറ്റ് താഴ്ന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഋതുരാജ് – റിങ്കു സിങ് സഖ്യം സ്കോര്‍ 111 വരെയെത്തിച്ചു. പിന്നാലെ നിലയുറപ്പിച്ച ശേഷം ഗിയര്‍മാറ്റാന്‍ ശ്രമിച്ച ഋതുരാജിനെ 14-ാം ഓവറില്‍ തന്‍വീര്‍ സംഗ മടക്കി. 28 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്താണ് താരം മടങ്ങിയത്.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച റിങ്കു സിങ് – ജിതേഷ് ശര്‍മ സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ സ്കോര്‍ 160 കടന്നു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജിതേഷ് 19 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 35 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്.
അക്ഷര്‍ പട്ടേല്‍ (0), ദീപക് ചാഹര്‍ (0), രവി ബിഷ്ണോയ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഓസീസിനായി ബെന്‍ ഡാര്‍ഷുയിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തന്‍വീര്‍ സംഗയും ജേസണ്‍ ബെഹ്റന്‍ഡോര്‍ഫും രണ്ട് വിക്കറ്റ് വീതം നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു