ഗസ്സ: ഗസ്സയിലെ പ്രശ്നങ്ങൾക്ക് പരിഹാരം സന്ധി അല്ലെന്നും ഇസ്രായേൽ അധിനിവേശം അവസാനിപ്പക്കലാണെന്നും ഹമാസ് വക്താവ്. ‘സന്ധിയുണ്ടാവുക എന്നതല്ല പരിഹാരം. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തുകയാണ് യഥാർഥ പരിഹാരം’- വക്താവ് ഒസാമ ഹംദാൻ പ്രസ്താവനയിൽ അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
‘താൽക്കാലിക വെടിനിർത്തൽ നീട്ടാൻ ഇന്നലെ രാത്രി മധ്യസ്ഥർ നിർദേശിച്ച എല്ലാ വ്യവസ്ഥകളും ഞങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ നിരസിച്ചു. താത്കാലിക വെടിനിർത്തൽ നടപ്പാക്കിയ ഏഴ് ദിവസവും മുഴുവൻ സന്ധി സാധ്യതകളെയും ഇല്ലാതാക്കുന്ന തരത്തിലാണ് ഇസ്രായേൽ പ്രവർത്തിച്ചത്” -ഹംദാൻ അൽ ജസീറയോട് പറഞ്ഞു.
‘ഞങ്ങൾ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ അധിനിവേശ ഭരണകൂടം വിസമ്മതിച്ചു. കാരണം ഗസ സ്ട്രിപ്പിൽ ക്രിമിനൽ ആക്രമണം പുനരാരംഭിക്കാൻ അവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഹമാസ് നേതൃത്വം സഹകരിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ ഖത്തറും ഈജിപ്തും ഒഴികെയുള്ള രാജ്യങ്ങൾ കൂടുതൽ ശ്രമം നടത്താൻ തയാറാവുന്നില്ല. അമേരിക്കൻ ഭരണകൂടം ഇസ്രായേലിനു മേൽ വലിയ സമ്മർദം ചെലുത്തിയിട്ടില്ല’- ഹമാസ് വക്താവ് കൂട്ടിച്ചേർത്തു.
അതിനിടെ, ഗസ്സയിൽ അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് ഹിസ്ബുല്ല ആരോപിച്ചു. ‘ഫലസ്തീൻ ജനതക്കെതിരെ തുടക്കം മുതൽ അമേരിക്ക നയിച്ച യുദ്ധമായിരുന്നു ഇത്. അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചത്. ഗസ്സ ആക്രമണത്തിൽ അമേരിക്ക ഒരു പങ്കാളി മാത്രമല്ല, ആസൂത്രകൻ കൂടിയാണെന്നാണ് സംഭവങ്ങളുടെ ഗതിയും അമേരിക്കൻ നിലപാടുകളും സൂചിപ്പിക്കുന്നത്” -ഹിസ്ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ അലി ദാമുഷ് പറഞ്ഞു. അമേരിക്കയുടെ തീരുമാനം നടപ്പിലാക്കുന്ന ഉപകരണങ്ങളാണ് ഇസ്രായേലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷം ഗസ്സയ്ക്കു നേരെ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഹമാസ് വക്താവിന്റെ പ്രസ്താവന പുറത്തുവന്നത്. ഇന്ന് മാത്രം 70 പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു