പുതുതായി വാങ്ങുന്ന ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി. ഈ നിലവാരത്തിലുള്ള വാഹനങ്ങളും രജിസ്റ്റര്‍ചെയ്ത് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി സ്വദേശി എസ്. സദാനന്ദ നായിക്കാണ് ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇത് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം മതിയെന്ന് സബ് റൂളില്‍ പറയുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഉത്തരവ് കോടതി റദ്ദാക്കിയത്.
പുക പരിശോധനാ സെന്ററുകള്‍ക്ക് വേണ്ടി കേന്ദ്രചട്ടം മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ എന്ന് മുമ്പുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തിയതുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
1989-ലെ കേന്ദ്ര മോട്ടോര്‍വാഹനചട്ടം 115 (7) മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു വിലയിരുത്തലുകള്‍. പുകപരിശോധാകേന്ദ്ര ഉടമകളുടെ സംഘടന നല്‍കിയ നിവേദനത്തിലാണ് മന്ത്രി അത്തരത്തിലുള്ള തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുവഴി ബി.എസ് 4-ല്‍പ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണമെന്നായിരുന്നു സൂചന.
വാഹനങ്ങളുടെ പുക പരിശോധനാനിരക്ക് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് അടുത്തിടെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കുറച്ചതും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വര്‍ധനയില്ല.
ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു