കോഴിക്കോട്: വടകര അഴിയൂരിൽ വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശിയെ 8.8 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. മഹാരാഷ്ട്ര സത്താറ ജില്ലയിൽ കൊറേഗാ താലൂക്ക് റഹ്മത്ത്ഫൂർ അതാനി വീട്ടിൽ താരനാഥ് പുണ്ഡലിക്സ് അതാനിയെ(56)യാണ് പിടികൂടിയത്. ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ എൻ റിമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഷോൾഡർ ബാഗിലാക്കിയ കഞ്ചാവുമായി ബസിൽ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന താരനാഥിനെ സംശയത്തെ തുടര്‍ന്ന്, ചോദ്യം ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. കണ്ണൂരിൽ നിന്ന് കോഴിക്കോട് ബസിൽ കയറിയ ഇയാൾ വാഹന പരിശോധന കണ്ട് ഇറങ്ങിപ്പോവുമ്പോഴാണ് ചോദ്യം ചെയ്തതും കഞ്ചാവ് കണ്ടെടുത്തതും. 8.8 കിലോ ഉണക്കിയ കഞ്ചാവ് രണ്ട് കെട്ടുകളിലാക്കി ബാഗിൽ അടുക്കിവെച്ച നിലയിലാണ് കണ്ടെത്തിയത്.
സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ പി കെ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി എ ജസ്റ്റിൻ, പി വിപിൻ, ഡ്രൈവർ എൻ പി പ്രബീഷ്, അഴിയൂർ എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ മിൽട്ടൻ മെൽവിൻ സെക്യൂറ, സിഇഒമാരായ സി എം പ്രജിത്, ഇ കെ സുരേന്ദ്രൻ, വി ജിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു