ദുബൈ: കോപ് 28 ഉച്ചകോടി വേദിയിലെ യു.എ.ഇയുടെ പ്രദർശനം ഒരുക്കിയ ‘സുസ്ഥിരത ഭവനം’ തുറന്നു. അൽ വസ്ൽ പ്ലാസക്ക് സമീപത്തായി എക്സ്പോ 2020യിൽ യു.എ.ഇ പവിലിയനായി പ്രവർത്തിച്ച കേന്ദ്രമാണ് സുസ്ഥിരതയുടെ പാഠങ്ങൾ പകരാനായി ഒരുക്കിയിട്ടുള്ളത്. സുസ്ഥിര ഭാവിക്കായി മുന്നേറാനുള്ള യു.എ.ഇയുടെ പദ്ധതികളും ചരിത്രവുമാണ് പവിലിയനിൽ പ്രദർശിപ്പിക്കുന്നത്. കോപ് 28ന്റെ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന പ്രദർശനമായതിനാൽ എല്ലാവർക്കും പ്രവേശനം ലഭിക്കും.
‘ഹൗസ് ഓഫ് സസ്റ്റൈനബിലിറ്റി’യിൽ വ്യാഴാഴ്ച മുതൽ വിദേശ പ്രതിനിധികൾ അടക്കമുള്ളവർ സന്ദർശിച്ചു. സന്ദർശകർക്ക് മൾട്ടിസെൻസറി അനുഭവം നൽകുന്ന രീതിയിൽ നൂതന സംവിധാനങ്ങളുപയോഗിച്ചാണ് എക്സിബിഷൻ സജ്ജീകരിച്ചിട്ടുള്ളത്. യു.എ.ഇ ഭാവിയിൽ നെറ്റ്-സീറോ ലക്ഷ്യങ്ങൾ കൈവരിക്കാൻ തയാറാക്കിയ പദ്ധതികളെ കുറിച്ചും പരിസ്ഥിതിയുടെ ചരിത്രവുമാണ് ഇവിടെ പ്രദർശിപ്പിക്കുക. സുസ്ഥിരത ഒയാസിസ്, കൂട്ടായ പുരോഗതിയുടെ യാത്ര, സുസ്ഥിരമായ വളർച്ചയുടെ ഭാവി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് പ്രദർശനം വിന്യസിക്കുക.
പൊതുജനങ്ങൾക്ക് ഹൗസ് ഓഫ് സസ്റ്റൈനബിലിറ്റിയിൽ പ്രവേശിക്കാൻ, ഗ്രീൻ സോണിലേക്ക് പ്രവേശനത്തിന് രജിസ്റ്റർ ചെയ്താൽ മതിയാകും. ഉച്ചകോടിയുടെ ആദ്യ മൂന്ന് ദിവസം പ്രതിനിധികൾക്ക് മാത്രമായിരിക്കും പ്രവേശനം. ഞായറാഴ്ച മുതലായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശിക്കാനാവുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു