ചെന്നൈ : പെരുംമഴയെ വരവേൽക്കാനൊരുങ്ങി നഗരം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതെല്ലാം സാംപിൾ വെടിക്കെട്ടായിരിന്നെന്നും ശക്തമായത് വരാനിരിക്കുന്നതായുമാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മിഷോങ് ചുഴലിക്കാറ്റായി മാറി തമിഴ്നാടിന്റെ വടക്കൻ തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് ഏറ്റവും പുതിയ പ്രവചനം. ചെന്നൈയോടു ചേർന്ന് ആന്ധ്രയുടെ തെക്കൻ ഭാഗത്ത് ചുഴലി തീരം തൊടാനുള്ള സാധ്യതയാണ് ഉള്ളത്. ന്യൂനമർദം ഡിസംബർ 2ന് ചുഴലിക്കാറ്റാകുമെന്ന് കരുതിയിരുന്നെങ്കിലും ഇതു വൈകിയേക്കുമെന്നും 3ന് ചുഴലി രൂപപ്പെടുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു.
വെള്ളക്കെട്ടിൽ മുങ്ങി നഗരം
ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിലാകെ രൂപപ്പെട്ട വെള്ളക്കെട്ട് വ്യാഴാഴ്ച രാവിലെയും തുടർന്നു. കൊളത്തൂർ, അണ്ണാനഗർ, ഗിണ്ടി, ആവഡി, അമ്പത്തൂർ തുടങ്ങി ചെന്നൈയുടെ പല പ്രധാന ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടുണ്ടായി. ഉച്ചയോടെ മഴ അൽപം കുറഞ്ഞതിനു ശേഷമാണ് മിക്കയിടത്തെയും വെള്ളക്കെട്ട് ഒഴിവായത്. അടിപ്പാതകളിലെ വെള്ളം രാത്രി തന്നെ പമ്പ് ചെയ്തു കളയാൻ സാധിച്ചതിനാൽ ഗതാഗത തടസ്സങ്ങൾ കുറഞ്ഞതായി കോർപറേഷൻ അധികൃതർ പറഞ്ഞു. 16,000 തൊഴിലാളികളെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്. വെള്ളം പമ്പു ചെയ്തു കളയുന്ന പ്രവർത്തികൾക്കായി നാനൂറിലധികം മോട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. മഴയെത്തുടർന്ന് ചെന്നൈയിൽ നിന്നു പുറപ്പെടേണ്ട രാജ്യാന്തര വിമാനങ്ങൾ അടക്കം 8 സർവീസുകൾ റദ്ദാക്കി.
നാളെ മുതൽ അതിശക്തമായ മഴ
നാളെ മുതൽ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഡിസംബർ 2–4 തീയതികളിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിഴുപ്പുറം, കടലൂർ, മയിലാടുതുറ തുടങ്ങി 8 ജില്ലകൾക്ക് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭരണികളിൽ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കൂട്ടി
നഗരത്തിലെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കൂട്ടി. ബുധനാഴ്ച ചെമ്പരംപാക്കം തടാകത്തിൽ നിന്ന് 1500 ഘനയടി ജലം തുറന്നു വിട്ടത്, വ്യാഴാഴ്ച രാവിലെ 6000 ഘനയടിയായി വർധിപ്പിച്ചിരുന്നു. പിന്നീട് ഇത് 4000 ഘനയടിയായി കുറച്ചു. പുഴൽ തടാകത്തിൽ നിന്ന് 2000 ഘനയടി ജലം തുറന്നു വിടാൻ ആരംഭിച്ചിട്ടുണ്ട്. ജലം ഒഴുകിയെത്തുന്ന സ്ഥലങ്ങളിൽ നദീതീരത്തു താമസിക്കുന്നവർ മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങൾക്കായല്ലാതെ നഗരത്തിൽ രാത്രികളിൽ പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ചെന്നൈയിൽ മാത്രം 162 ദുരിതാശ്വാസ കേന്ദ്രങ്ങൾ
- ജലസംഭരണികൾ നിരീക്ഷിക്കൽ, മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമുള്ള മുന്നറിയിപ്പ് നൽകൽ, ദുരന്തസാധ്യതാ മേഖലയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കൽ, ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കൽ തുടങ്ങിയവയ്ക്കായി കലക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
- രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സേനകളുടെ സഹായവും ആവശ്യപ്പെട്ടു
- തമിഴ്നാട് ദുരന്തനിവാരണ സേനയുടെ 200 പേരടങ്ങുന്ന 8 സംഘങ്ങളെയും ദേശീയ ദുരന്തനിവാരണ സേനയുടെ 225 പേരടങ്ങുന്ന 9 സംഘങ്ങളെയും ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വിഴുപ്പുറം, കടലൂർ, നാഗപട്ടണം, മയിലാടുതുറ ജില്ലകളിലായി വിന്യസിച്ചു.
- വിവിധ ജില്ലകളിലായി 121 വിവിധോദ്ദേശ്യ സുരക്ഷാ കേന്ദ്രങ്ങളും 4,967 ദുരിതാശ്വാസ ക്യാംപുകളും സജ്ജമാക്കിയിട്ടുണ്ട്.
- ചെന്നൈയിൽ 162 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ദുരിതബാധിതർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
സംസ്ഥാന, ജില്ലാ തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈനുകളും പ്രവർത്തനമാരംഭിച്ചു
- ചെന്നൈ: 044 – 25619204, 044 – 25619206, 044 – 25619207.
- ടോൾഫ്രീ നമ്പർ: 1913
- വാട്സാപ്: 9445477205
- ജല വിതരണവും മലിനജല നിർമാർജനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ: 044 45674567.
- വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ: 9498794987.
- ചെങ്കൽപെട്ട്: 044-27427412, 27427414.
- വാട്സാപ്: 9444272345.
- ടോൾ ഫ്രീ നമ്പർ-1077.
- വിഷജീവികൾ ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാൻ: 044-22200335.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു