കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് റെജി മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുൻപിൽ ഹാജരാകുമെന്നും റെജി അറിയിച്ചു. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് തന്റെ പഴയ ഫോണാണ് കൊണ്ടുപോയത്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ ഓയൂരിലെ വീട്ടിൽ സൂക്ഷിക്കാത്തത്.
കേസിൽ തന്നെയും യുണെെറ്റഡ് നഴ്സ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും റെജി ആരോപിച്ചു. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ നഴ്സിങ്ങ് സംഘടനയായ യു.എൻ.എയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിദേശ നഴ്സിങ് റിക്രൂട്ട്മെന്റിലും പൊലീസ് പരിശോധന നടത്തി. യു.എൻ.എയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. യു.എൻ.എ സംഘടനക്കുള്ളിലെ തർക്കവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എൻ.എ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛൻ.
അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരുടെ രേഖാചിത്രങ്ങൾ കൂടി പൊലീസ് പുറത്ത് വിട്ടു. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അവരുടെ മുഖം ഓർമയില്ലെന്നും കുട്ടി പറഞ്ഞു. അതേസമയം, ആറുവയസുകാരിയുടെ അച്ഛന്റെ ഫ്ളാറ്റിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.പത്തനംതിട്ടയിലെ ഫ്ളാറ്റിലെത്തിയാണ് പരിശോധന നടത്തിയത്. ഫ്ലാറ്റിൽ നിന്ന് ഒരു ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിനിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുവയസുകാരി ആശുപത്രി വിട്ടു.കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നത് തുടരും. കുട്ടിയെ രഹസ്യമൊഴി രേഖപ്പെടുത്തി.കൊല്ലം റൂറല്‍ എസ്.പി ഓഫീസിലെത്തിച്ചാണ് മൊഴിയെടുത്തത്.
എന്നാല്‍ തട്ടിക്കൊണ്ടുപോയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. വിവിധ സംഘങ്ങൾ ആയി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. സിസിടിവി, വാഹന പരിശോധനകൾ, രേഖചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രതികളുടെ യാതൊരു സൂചനയും, ഇവർ ഉപയോഗിച്ച വാഹനങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു