ന്യൂഡല്‍ഹി: ഖലിസ്ഥാനി നേതാവ് ഗുര്പട്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് ഇന്ത്യന്‍ വംശജനെതിരെ കേസെടുത്ത അമേരിക്കയുടെ നടപടിയ്ക്കെതിരെ ഇന്ത്യ. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമാണ് അമേരിക്കയുടെ നടപടിയെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനും പങ്കെന്ന അമേരിക്കയുടെ വെളിപ്പെടുത്തലിലും വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യയ്ക്കെതിരെ നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ഇയാളെ കൊലപ്പെടുത്താന്‍ ഇന്ത്യ പദ്ധതിയിട്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് ആരോപണം ഉയര്‍ത്തിയത്. അമേരിക്കയില്‍ വച്ച് നടന്ന ഈ ശ്രമം പരാജയപ്പെടുത്തിയെന്നാണ് യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചെന്നാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം. തുടര്‍ന്നാണ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് ഇന്ത്യന്‍ വംശജനെതിരെ കേസെടുത്തത്.
ഖലിസ്ഥാന്‍ നേതാവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതിയെ നിയമിച്ചതായും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് അമേരിക്ക പറയുന്നത്. ഇന്ത്യയുടെ ഉന്നതതല ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് വാഷിങ്ടണില്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു