പത്തനംതിട്ട ∙ കൊല്ലം ജില്ലയിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുടെ അച്ഛൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ അച്ഛൻ. നഗരത്തിലെ ഫ്ലാറ്റിലാണു കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്നത്.
ഇവിടെ നടത്തിയ പരിശോധനയിൽനിന്നും ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയുടെ ഭാഗമായി വന്നു എന്നു മാത്രമാണു പൊലീസ് വിശദീകരിക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണു കുട്ടിയുടെ പിതാവ്. പത്തനംതിട്ടയിലെ ഫ്ലാറ്റിൽനിന്നു വെള്ളിയാഴ്ച വൈകിട്ടു നാട്ടിലേക്കു പോയി തിങ്കളാഴ്ച രാവിലെ മടങ്ങിവരുന്നതാണു ഇയാളുടെ പതിവു രീതി.
അതേസമയം ആറുവയസ്സുകാരി ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് സുരക്ഷയിലായിരുന്നു കുടുംബത്തിന്റെ മടക്കയാത്ര. തന്നെ തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്നു പെൺകുട്ടി പറഞ്ഞു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം ഉടൻ പുറത്തുവിടും. മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്നാണു പെൺകുട്ടി പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു