തൃശൂർ: തൃശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിലെ റീ കൗണ്ടിങ് ഡിസംബർ രണ്ടിന് രാവിലെ 9ന് നടക്കും. റീ കൗണ്ടിങ് വിഡിയോയിൽ പകർത്താനും തീരുമാനമായി. കെ.എസ്.യുവിൻ്റെ ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ റീക്കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നു ചേർന്ന വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഇരു വിദ്യാർഥി സംഘടനകളും റീകൗണ്ടിങ്ങിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. റീകൗണ്ടിംഗ് സുതാര്യമായ രീതിൽ നടക്കുമെന്ന പ്രതീക്ഷയാണ് കെ.എസ്.യു പങ്കുവെച്ചത്. കോടതി വിധി പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കും. അസാധു വോട്ടുകളുടെ കാര്യത്തിൽ യുണിവേഴ്സിറ്റി മാനദണ്ഡങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കും. ഇരുകൂട്ടർക്കും അംഗീകരിക്കാൻ സാധിക്കുന്ന തരത്തിൽ സൂതാര്യമായ രീതിയിൽ റീകൗണ്ടിംഗ് നടത്തുമെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
സൗഹാർദപരമായ അന്തരീക്ഷത്തിലാണ് യോഗം പിരിഞ്ഞത്. പ്രിൻസിപ്പലിന്റെ ചേമ്പറിലായിരിക്കും വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ പൂർണ്ണമായും ക്യാമറയിൽ ചിത്രീകരിക്കും. പ്രിൻസിപ്പലിന്റെ മുറിയിൽ വോട്ടെണ്ണൽ നടക്കുന്നതിനാൽ വൈദ്യുതി തടസ്സപ്പെട്ടാലും വെളിച്ചത്തിന് പ്രശ്നമുണ്ടാകില്ല. പുറമേനിന്ന് നിരീക്ഷകരെ ഏർപ്പെടുത്തണമെന്ന് കോടതി അറിയിച്ചിട്ടില്ല. അതിനാൽ റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്റെ നേതൃത്വത്തിൽ തന്നെയായിരിക്കും കൗണ്ടിങ് നടക്കുകയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
എസ്.എഫ്.ഐയുടെ 41 വർഷത്തെ ചരിത്രം തിരുത്തി ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ വിജയിച്ചിരുന്നു. തുടർന്ന് എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിംഗ് നടന്നു. 11 വോട്ടിന് എസ്.ഫ് .ഐ സാനാർത്ഥി അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കെഎസ്യു സ്ഥാനാർഥി കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം റീകൗണ്ടിങിൽ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇന്ന് ഓൾ പാർട്ടി യോഗം വിളിച്ചപ്പോൾ കെ.എസ്.യു സ്ഥാനാർഥിയെ അറിയിച്ചില്ലെന്നും തുടക്കം മുതൽ ക്രമക്കേട് നടന്നുവെന്ന് കോടതി കണ്ടെത്തിയെന്നും അലോഷ്യസ് പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു