ന്യൂഡൽഹി: 42 ദിവസ ഉത്സവ കാലയളവിലെ വാഹന വില്പന 19 % വർധന രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA). പുറത്തു വിട്ട കണക്കുകളനുസരിച്ച് വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ 31.95 ലക്ഷത്തിൽ നിന്ന് 19% വർധന രേഖപ്പെടുത്തിക്കൊണ്ട് 37.93 ലക്ഷമായി ഉയർന്നു.
ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ എന്നിവയിൽ യഥാക്രമം 21%, 41%, 8%, 10% വളർച്ച രേഖപ്പെടുത്തിയപ്പോൾ ട്രാക്ടർ വിഭാഗത്തിൽ (0.5%) നേരിയ ഇടിവ് അനുഭവപ്പെട്ടു.
ഇരുചക്രവാഹന വില്പന ഗ്രാമീണ മേഖലകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. നവരാത്രി കാലത്ത്,പാസഞ്ചർ വാഹന മേഖലയിൽ പ്രാരംഭ പ്രകടനം കുറവായിരുന്നെങ്കിലും ദീപാവലിയോടെ സ്ഥിതി മെച്ചപ്പെടുകയും 10% വളർച്ചാ നിരക്കിൽ അവസാനിക്കുകയും ചെയ്തു. എസ്യുവികൾ വൻ ഡിമാൻഡ് രേഖപ്പെടുത്തി.
നവരാത്രി കാലത്ത് വിൽപ്പനയിൽ 8.3% കുറവുണ്ടായ ട്രാക്ടറുകൾ, ഉത്സവകാലം അവസാനിച്ചപ്പോൾ 0.5% മാത്രം ഇടിവ് രേഖപ്പെടുത്തി.