തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റമറ്റതും ത്വരിതവുമായ സംഭവത്തിൽ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ അറിയിക്കണം.
അതേസമയം, അബികേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ വന്നു. പത്ത് ലക്ഷം രൂപയാണ് ഇത്തവണ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈയിൽ ഉണ്ടെന്നും നാളെ രാവിലെ പത്ത് മണിക്ക് ഓയൂരിലെ വീട്ടിലെത്തിക്കും എന്നും ഫോണിൽ സംസാരിച്ച സ്ത്രീ പറയുന്നു. പത്ത് ലക്ഷം രൂപ അറേഞ്ച് ചെയ്യണം എന്നും സ്ത്രീ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്നും സ്ത്രീ പറയുന്നുണ്ട്.
നേരത്തെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ വന്നിരുന്നു. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഫോൺ കാൾ വന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. പൊലീസ് വ്യാപാരിയുടെ മൊഴിയെടുത്തു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു