കൊല്ലം: ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കുട്ടിയെ കടത്തിയ വാഹന ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നു. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.
സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്നും എംസി റോഡ് ഉടനീളം പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ പൊലീസ് ശക്തമായ വാഹന പരിശോധനയാണ് നടത്തുന്നത്. പ്രധാന റോഡുകളിലുൾപ്പെടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കൂടാതെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദേശം നൽകി. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്.
സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് പ്രാഥമിക വിവരം. ഈ കാർ മുൻപും സ്ഥലത്ത് കണ്ടതായാണ് പെൺകുട്ടിയുടെ സഹോദരൻ ജൊനാഥന് പറഞ്ഞത്. തട്ടിക്കൊണ്ടുപോയവര്‍ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരന് അറിയിച്ചു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന്റെ ഭാഗമായി ജൊനാഥന് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതില്‍ ഒരു സ്ത്രീയുമുണ്ട്.
കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ഫോണ്‍കോള്‍ വന്നിരുന്നു. കുട്ടിയുടെ കൈയ്യില്‍ നിന്നാണ് അമ്മയുടെ നമ്പര്‍ ലഭിച്ചതെന്നാണ് തട്ടിക്കൊണ്ടുപോയവര്‍ അറിയിച്ചത്. വൈകിട്ട് 7.45 ഓടെയാണ് ഫോണ്‍ വന്നത്. അഞ്ചുലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോടു പറഞ്ഞത്.
ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കുക: 9946923282, 9495578999.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു