ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് 78 റണ്‍സ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (85 പന്തില്‍ 120) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ഒഡീഷ 43.3 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള നിരയയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍. ബേസില്‍ തമ്പി, അഖില്‍ സ്കറിയ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.
ഒഡീഷയ്ക്ക് വേണ്ടി 92 റൺസെടുത്ത ഷാന്തനു മിശ്ര മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ ബിപ്ലബ് സാമന്തറായ് (34), അഭിഷേഖ് യാദവ് (21), പ്രയാഷ് കുമാർ സിംഗ് (20), സുബ്രാൻഷു സേനാപതി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ.
നേരത്തെ വിഷ്ണുവിന് പുറമെ അഖിൽ സ്കറിയ (34), അബ്ദുൾ ബാസിത് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് ആണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു