കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അടിയന്തര റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കും കമ്മീഷൻ നിർദേശം നൽകി. സുരക്ഷാ വീഴ്ചയടക്കം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി നൽകിയ പരാതിയിലാണ് നടപടി.
ഒരു വാതിൽ മാത്രമാണ് ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിക്കാനുണ്ടായിരുന്നത്. 2500 പേർ ഉൾകൊള്ളാവുന്ന ഓഡിറ്റോറിയിത്തിൽ ഒരു വാതിൽ മാത്രമുണ്ടായത് പിഴവാണ്. പൊലീസിന്റെ സുരക്ഷയുണ്ടായിരുന്നില്ല. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം എന്നീ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിക്കുന്നത്. നാളെ രാവിലെ ആലുവയിൽ വെച്ച് നടക്കുന്ന സിറ്റിംഗിൽ മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയം പരിഗണിക്കും.
കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, , കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്ബിന് ജോസഫ് എന്നിവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം നടന്നതെങ്ങനെ, ഇതിനിടയാക്കിയ കാരണം, തയ്യാറെടുപ്പില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്ന് എ.സി.പി. പി.വി. ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപ്രതീക്ഷിതമായ തിക്കും തിരക്കും ഉണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമികവിവരം. പരിപാടിക്ക് എത്തിയവര്‍ കൂട്ടത്തോടെ ഓഡിറ്റോറിയത്തിലേക്കുകയറി.
തിക്കിലും തിരക്കിലും ഒട്ടേറെപ്പേര്‍ താഴെവീണു. അവര്‍ക്ക് മുകളിലേക്ക് മറ്റുള്ളവരും. അപകടത്തില്‍ അകപ്പെട്ടവര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ആന്തരികാവയങ്ങള്‍ക്കും പരിക്കുണ്ടായി. ഇതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലേ മരണകാരണം കൃത്യമായി വ്യക്തമാകൂവെന്നും എ.സി.പി. പറഞ്ഞു. സംഭവസ്ഥലം ഉന്നത ഉദ്യോഗസ്ഥരും ഫൊറന്‍സിക് സംഘവും പരിശോധിച്ചു. അന്വേഷണസംഘം ദൃക്സാക്ഷികളില്‍ ചിലരുടെ മൊഴിയും ശേഖരിച്ചു. സംഘാടനത്തില്‍ പിഴവുണ്ടോയെന്നും പോലീസ് പരിശോധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു