മുംബൈ: ഐപിഎല്‍ 2024 സീസണിന്റെ താരക്കൈമാറ്റത്തില്‍ വീണ്ടും ട്വിസ്റ്റ്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയതായാണ് ഏറ്റവും പുതിയ വിവരം.
നേരത്തേ ഹാര്‍ദിക് പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രിക്ബസ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ഹാര്‍ദിക്കിനെ മുംബൈ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
താരലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി ഞായറാഴ്ചയായിരുന്നു. സമയപരിധി അവസാനിച്ച് ഏതാനും മണിക്കൂറിന് ശേഷമാണ് ടീമുകള്‍ തമ്മില്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് നല്‍കിയാണ് മുംബൈ ഹാര്‍ദിക്കിനെ ടീമിലെത്തിച്ചത്.
മുബൈ ഇന്ത്യസിന്റെ അക്കൗണ്ടില്‍ നിലവില്‍ 15.25 കോടിയുണ്ട്. എന്നാല്‍ ഹാര്‍ദിക്കിനെ എടുത്തപ്പോള്‍ തുകയില്‍ മാറ്റം വന്നുകാണും. എന്നാല്‍ അതിനൊപ്പം കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് നല്കിയ തുകയും ലഭിക്കും. രാജസ്ഥാന് റോയല്‍സിന് 14.5 കോടിയാണുള്ളത്. ലഖ്നൗവിന് 13.9 കോടിയുണ്ട്. ഗുജറാത്തിന്റെ പോക്കറ്റില്‍ 13.85 കോടിയുണ്ട്. കൂടാതെ ഹാര്‍ദിക്കിനെ കൊടുത്തപ്പോഴുള്ള പണവും ലഭിക്കും.
ദിവസങ്ങള്‍ക്കു മുമ്പാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഗുജറാത്തുമായി മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് ചര്‍ച്ച നടത്തിയെന്നും താരത്തിനായി 15 കോടി രൂപ മുംബൈ ഓഫര്‍ ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു