തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്കെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 44 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 236 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ഇന്ത്യയുടെ ബാറ്റിംഗ് വിരുന്നിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മനോഹരമായ ബാറ്റിംഗ് കാഴ്ചവയ്ക്കാൻ ഇന്ത്യയുടെ മുൻനിര താരങ്ങൾക്ക് കഴിഞ്ഞു. ഇന്ത്യയുടെ ഓപ്പണർമാരായ ഋതുരാജ് ഗെക്വാദും യശസ്വി ജയ്സ്വാളും അർധ സെഞ്ചുറി നേടി. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷനും അർധ സെഞ്ചുറി നേടി.
58 റൺസെടുത്ത ഋതുരാജ് ഗെക്വാദാണ് ടോപ്പ് സ്കോറർ. യശ്വസി ജെയ്സ്വാൾ 53 റൺസും ഇഷാൻ കിഷൻ 52 റൺസും നേടി. 9 പന്തിൽ നിന്ന് 31 റൺസുമായി ഇന്ത്യയുടെ പുതിയ ഫിനിഷർ റിങ്കു സിംഗും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ട്വന്റി-20 ൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് തിരുവനന്തപുരത്ത് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. 53 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാത്യു ഷോര്‍ട്ട് (19), ജോഷ് ഇന്‍ഗ്ലിസ് (2), ഗ്ലെന്‍ മാക്സ്വെല് (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷോര്‍ട്ടിനേയും ഇന്‍ഗ്ലിസിനേയും രവി ബിഷ്ണോയ് മടക്കി. മാക്സ്വെല്ലിനെ അക്സറും. എട്ടാം ഓവറില്‍ സ്റ്റീവന്‍ സ്മിത്തും (19) മടങ്ങി. ഇതോടെ നാലനിന് 58 എന്ന നിലയിലായി ഓസീസ്. പിന്നീട് മാര്‍കസ് സ്റ്റോയിനിസ് (45) – ടിം ഡേവിഡ് (37) സഖ്യം കൂട്ടിചേര്‍ത്ത 81 റണ്‍സാണ് ഓസീസിനെ രക്ഷിച്ചത്.
എന്നാല്‍ ഡേവിഡിനെ പുറത്താക്കി ബിഷ്ണോയ് ബ്രേക്ക് ത്രൂ നല്കി. അധികം വൈകാതെ സ്റ്റോയിനിസും മടങ്ങി. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. സീന്‍ അബോട്ട് (1), നതാന്‍ എല്ലിസ് (1), ആഡം സാംപ (1) വന്നത് പോലെ മടങ്ങി. ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്റെ (42) ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ മാത്രമാണ് സഹായിച്ചത്. തന്‍വീര്‍ സംഗ രണ്ട് റണ്‍സുമാായി പുറത്താവാതെ നിന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു