ബാംഗ്ലൂർ: 11 താരങ്ങളെ റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക, ഓസീസ് പേസർ ജോഷ് ഹേസൽവുഡ്, ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ തുടങ്ങിയ വമ്പൻ താരങ്ങളെയടക്കമാണ് ബാംഗ്ലൂർ റിലീസ് ചെയ്തത്.
കിവീസ് താരങ്ങളായ ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വെയിൻ പാർനൽ, ഇംഗ്ലണ്ട് ബൗളർ ഡേവിഡ് വില്ലി എന്നിവർക്കൊപ്പം സോനു യാദവ്, കേദാർ ജാദവ്, സിദ്ധാർത്ഥ് കൗൾ, അവിനാഷ് സിംഗ് എന്നിവരെയും ബാംഗ്ലൂർ റിലീസ് ചെയ്തു.
ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് അടക്കം ആറ് താരങ്ങളെ ഒഴിവാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. 13.25 കോടി രൂപയ്ക്ക് ഹൈദരാബാദിലെത്തിയ ബ്രൂക്ക് മോശം പ്രകടനമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്. ബ്രൂക്കിനൊപ്പം വിൻഡീസ് സ്പിന്നർ അകീൽ ഹൊസൈൻ, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് എന്നിവരെയും ഇന്ത്യൻ താരങ്ങളായ കാർത്തിക് ത്യാഗി, വിവ്രാന്ത് ശർമ, സമർത്ഥ് വ്യാസ് എന്നിവരെയും ഹൈദരാബാദ് റിലീസ് ചെയ്തു.
എട്ട് താരങ്ങളെയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയത്. ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസ്, ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ഇവരിൽ പ്രധാനികൾ. മനൻ വോഹ്റ, കരുൺ നായർ, കരൺ ശർമ, സൂര്യാൻഷ് ഷെഡ്ഗെ, സ്വപ്നിൽ സിംഗ്, അർപിത് ഗുലേറിയ എന്നിവരെയും ലക്നൗ റിലീസ് ചെയ്തു. പേസർ ആവേശ് ഖാനെ രാജസ്ഥാനും ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ മുംബൈക്കും നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു