മുംബൈ: സൂപ്പർതാരം ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ തുടരും. ഹാർദ്ദിക്കിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിച്ചത്. പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾ രണ്ട് ദിവസമായി സജീവമായിരുന്നു.
15 കോടിക്ക് ഗുജറാത്ത് ടീമിൽ എത്തിച്ച പാണ്ഡ്യ, തിരിച്ച് മുംബൈയിലേക്ക് പോകുകയാണെങ്കിൽ ക്രിക്കറ്റ് ലോകത്തെ റെക്കോർഡ് ട്രാൻസ്ഫറാകുമായിരുന്നു. 15 കോടിക്ക് പുറമെ ട്രാൻസ്ഫർ ഫീയുടെ പകുതയും പാണ്ഡ്യക്ക് കിട്ടുമായിരുന്നു. എന്നാൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് ടൈറ്റൻസ് പുറത്തുവിട്ടപ്പോൾ അതിൽ ഒന്നാമനായി പാണ്ഡ്യയുടെ പേര് ഉണ്ട്.
അരങ്ങേറ്റ സീസണിൽ ഗുജറാത്തിനെ കിരീടമണിയിക്കുകയും രണ്ടാം സീസണിൽ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത പാണ്ഡ്യയെ വിട്ടുകൊടുക്കാൻ ഗുജറാത്തിനും തുടക്കത്തിൽ താൽപര്യമില്ലായിരുന്നു. എന്നാൽ ലഭിക്കുന്ന പണത്തിൽ കണ്ണുവെച്ചാണ് ഗുജറാത്ത് പാണ്ഡ്യയെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നത്.
അതേസമയം, 8 താരങ്ങളെ ഗുജറാത്ത് റിലീസ് ചെയ്തു. ശ്രീലങ്കൻ ഓൾറൗണ്ടർ ദാസുൻ ഷാനക, വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഒഡീൻ സ്മിത്ത്, അൽസാരി ജോസഫ് എന്നിവർക്കൊപ്പം ഇന്ത്യൻ താരങ്ങളായ യാഷ് ദയാൽ, കെഎസ് ഭരത്, ശിവം മവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്വാൻ എന്നിവരെയും ഗുജറാത്ത് ഒഴിവാക്കി.
അതേസമയം, മുംബൈ ഇന്ത്യൻസ് 11 താരങ്ങളെ റിലീസ് ചെയ്തു. പരുക്ക് വകവെക്കാതെ ടീമിലെത്തിച്ച് തിരിച്ചടിയേറ്റ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ, ദക്ഷിണാഫ്രിക്കൻ യുവതാരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാൻസൻ, ഓസീസ് പേസർമാരായ ഝൈ റിച്ചാർഡ്സൺ, റൈലി മെരെഡിത്ത്, ഇംഗ്ലീഷ് പേസർ ക്രിസ് ജോർഡൻ എന്നിവരെയൊക്കെ മുംബൈ ഒഴിവാക്കി. ഇവർക്കൊപ്പം സന്ദീപ് വാര്യർ, അർഷദ് ഖാൻ, രമണ്ഡീപ് സിംഗ്, ഋതിക് ഷോകീൻ, രാഘവ് ഗോയൽ എന്നിവരെയും മുംബൈ ഒഴിവാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു