ചെക്ക് കേസ്; റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷിന് ജാമ്യം‌‌

 

കൊച്ചി: റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം‌‌ അനുവദിച്ച് കോടതി. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു. 

തുടർന്ന് പാലായിൽ വൈദ്യ പരിശോധനക്ക് ശേഷം എറണാകുളത്തേക്ക് ഗിരീഷിനെ കൊണ്ടുപോവുകയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയുമായിരുന്നു. അടുത്ത തവണ കോടതിയിൽ ഹാജരാകാൻ വാക്കാലുള്ള നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഇപ്പോൾ വാറണ്ട് നടപടി അടക്കമുള്ളവ ഉയർത്തി കൊണ്ടുവരുന്നത് തങ്ങളെ ദ്രോഹിക്കാനാണ്. സർക്കാർ മനപൂർവ്വം തങ്ങളെ ദ്രോഹിക്കുകയാണെന്നാണ് റോബിൻ ഗിരീഷിന്റെ വാദം. സ്വാഭാവികമായ നിയമ നടപടിക്രമങ്ങളുടെ ഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് പ്രതികരിച്ചു.

 
ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിൻ്റെ വാദം.  
  
ഏതുകേസിന്റെ അടിസ്ഥാനത്തിലാണ് തന്നെ പോലീസ് അറസ്റ്റുചെയ്തതെന്ന് അറിയില്ലെന്ന് ഗിരീഷ് ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. ‘2012-ലെ കേസാണിത്. അക്കാലത്ത് ഞാന്‍ കിടപ്പിലായിരുന്നു. അതിനുശേഷം ഈ നാട്ടില്‍ത്തന്നെയാണ് ജീവിച്ചത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ രണ്ട് ദിവസം മാറിനില്‍ക്കേണ്ടിവന്നത് കോയമ്പത്തൂരില്‍ പോയപ്പോള്‍ മാത്രമാണ്. ഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോള്‍ മനസ്സിലായില്ലേ? ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു വാറണ്ടോ സമന്‍സോ വന്നിട്ടില്ല’, ഗിരീഷ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു