കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) തിങ്കളാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവെച്ചു. ശനിയാഴ്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിൽ മൂന്നുപേർ വിദ്യാർഥികളാണ്. അതുൽ തമ്പി, ആൻ റുഫ്ത, സാറാ തോമസ് എന്നിവരാണ് മരിച്ച വിദ്യാർഥികൾ. ആൽബിൻ ജോസഫാണ് മരിച്ച നാലാമത്തെയാൾ. അതുൽ തമ്പി രണ്ടാംവർഷ സിവിൽ വിദ്യാർഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകനുമാണ്. രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനിയും പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകളുമാണ് ആൻ റിഫ്ത്ത (20). കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്.
ആൽബിൻ ജോസഫ് പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. 38 പേരാണ് നിലനിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശി ഷെബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു