ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനെതിരെ മുംബൈക്ക് എട്ടു വിക്കറ്റ് ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വി.ജെ.ഡി (വി ജയദേവൻ) മഴ നിയമപ്രകാരമാണ് മുംബൈ ജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 49.1 ഓവറിൽ 231 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സച്ചിൻ ബേബിയുടെ (134 പന്തിൽ 104) തകർപ്പൻ സെഞ്ച്വറിയും ക്യാപ്റ്റൻ സഞ്ജു സാംസണിനെ (83 പന്തിൽ 55) അർധ ശതകവുമാണ് കേരളത്തെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ മുംബൈ 24.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്ത് നിൽക്കെയാണ് മഴ എത്തിയത്. മഴ നീണ്ടതോടെ ഒടുവിൽ വി.ജെ.ഡി നിയമപ്രകാരം എട്ടു വിക്കറ്റിന് മുംബൈയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
മുംബൈക്കായി ഓപ്പണർ അംഗ്കൃഷ് രഘുവംശി (47 പന്തിൽ 57 റൺസ്) അർധ സെഞ്ച്വറി നേടി. മറ്റൊരു ഓപ്പണർ ജയ് ബിസ്ത 44 പന്തിൽ 30 റൺസെടുത്തു. ഇരുവരും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 14.2 ഓവറിൽ 93 റൺസ് അടിച്ചെടുത്തു.
കേരളത്തിനായി ബേസിൽ തമ്പി ഒരു വിക്കറ്റെടുത്തു.
മത്സരത്തിൽ കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മൂന്നാം വിക്കറ്റിൽ സഞ്ജുവും സച്ചിനും ഒന്നിച്ചതോടെയാണ് കേരളം കരകയറിയത്. ഈ വിക്കറ്റിൽ 126 റൺസ് കൂട്ടിച്ചേർക്കാൻ കേരളത്തിന് കഴിഞ്ഞു. 55 റൺസെടുത്ത സഞ്ജു പുറത്തായതോടെ വീണ്ടും ബാറ്റിംഗ് തകർച്ച ആരംഭിച്ചു.
സച്ചിന്റെ ബാറ്റിംഗ് മാത്രമാണ് പിന്നീടുള്ള ഇന്നിംഗ്സിൽ കേരളത്തിന് പറയാനുണ്ടായിരുന്നത്. 104 റൺസെടുത്ത സച്ചിൻ പുറത്താകുമ്പോൾ കേരളം എട്ടിന് 224 റൺസിൽ എത്തിയിരുന്നു. അധികം വൈകാതെ കേരളത്തിന്റെ ഇന്നിംഗ്സും അവസാനിച്ചു.
അബ്ദുൾ ബാസിത് (12), അഖിൽ സ്കറിയ (6), ശ്രേയസ് ഗോപാൽ (7), ബേസിൽ തമ്പി (2), അഖിൻ സത്താർ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ബേസിൽ എൻ പി (4) പുറത്താവാതെ നിന്നു.
മുംബൈക്കായി അവസ്തി നാലും ദേശ്പാണ്ഡെ മൂന്നും വിക്കറ്റ് വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു