തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൂന്ന് മാസത്തേക്ക് അവധിക്ക് അപേക്ഷ നൽകി. പ്രമേഹത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം. ഈ മാസം 30ന് ചേരുന്ന പാർട്ടി നിർവാഹകസമിതി അവധി അപേക്ഷ പരിഗണിക്കും. അവധി അപേക്ഷ പരിഗണിക്കുന്ന നിർവാഹക സമിതി പകരം താൽക്കാലിക സംവിധാനം ഒരുക്കും.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാനം രാജേന്ദ്രൻ. പ്രമേഹം മൂര്‍ച്ഛിച്ചതോടെ അടുത്തിടെ കാനത്തിന്റെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെങ്കിലും നേതൃത്വത്തിന് മുന്നിൽ ആര് വിഷയം ഉന്നയിക്കുമെന്നതിലാണ് ആശയകുഴപ്പമുള്ളത്.
ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, കെ പ്രകാശ് ബാബു എന്നിവര്‍ വിഷയം നേതൃത്വത്തിന് മുന്നില്‍ ഉന്നയിക്കാന്‍ സാധ്യത ഇല്ല. പാര്‍ട്ടിയുടെ രാജ്യത്തെ പ്രധാന ഘടകത്തിന്റെ സെക്രട്ടറിയെ മാറ്റാന്‍ സ്വമേധയാ ഇടപെടാന്‍ ജനറല്‍ സെക്രട്ടറി ഡി രാജക്കും വിമുഖതയുണ്ട്. പ്രായ പരിധി മാനദണ്ഡത്തെ തുടര്‍ന്ന് നേതൃപദവികളില്‍ നിന്ന് ഒഴിഞ്ഞ കെ ഇ ഇസ്മയില്‍ അടക്കമുള്ളവര്‍ സെക്രട്ടറി മാറണമെന്ന നിലപാടിലാണ്. പകരം സെക്രട്ടറി ആരാകുമെന്ന ചോദ്യവും നേതൃത്വത്തെ കുഴക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു