കൊച്ചി : കോർപ്പറേറ്റ് സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ, അപ്പാർട്ട്‌മെന്റുകൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറ്റവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ നേരിട്ടെത്തിക്കുന്ന അത്യാധുനിക ഹോം കെയർ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ ജെ.സി.ഐ അംഗീകാരമുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം കെയർ സംവിധാനത്തിന്റെ തുടർച്ചയായി നടപ്പാക്കുന്ന “ആസ്റ്റർ കെയർ കണക്ട്” പദ്ധതിക്ക് മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. വി.കെ ബീരാനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ രക്ഷാ സംവിധാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ആസ്റ്റർ കെയർ കണക്ടെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ. വി.കെ ബീരാൻ പറഞ്ഞു. ഫ്ലാറ്റുകളിലും റെസിഡൻഷ്യൽ ഏരിയകളിലും താമസിക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കാനും ആസ്റ്റർ കെയർ കണക്ടിന്റെ സഹായത്തോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ അടിയന്തര ആരോഗ്യ രക്ഷാ പ്രവർത്തനങ്ങളുടെ രീതി തന്നെ മാറ്റിയെഴുതാൻ ഉതകുന്ന പദ്ധതിയാണ് ആസ്റ്റർ കെയർ കണക്ട്. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടെലി സ്ട്രോക്ക് ആംബുലൻസിന്റെ പിന്തുണയോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സ്ട്രോക്ക് ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവിധ അടിയന്തര സേവനങ്ങളും തടസമില്ലാതെ ഏകോപിപ്പിക്കാനും വീട്ടുപടിക്കൽ തന്നെ ചികിത്സയും പരിചരണവും ലഭ്യമാക്കാനും കഴിയും. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫൈവ് ജി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 24 മണിക്കൂർ ആർ.ആർ.ആർ (റെസ്പോൺസ്, റെസ്ക്യൂ, റിസസിറ്റേഷൻ, റിക്കവറി) സംവിധാനമാണ് ആസ്റ്റർ കെയർ കണക്ടിന്റെ പ്രധാന സവിശേഷത.
പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഫാർമസി, ആസ്റ്റർ ലാബ്സ് സംവിധാനങ്ങളും വീട്ടുപടിക്കൽ ലഭ്യമാകും. ആസ്റ്റർ പ്രിവിലേജ് കാർഡ് ഉപയോഗിക്കുന്നത് വഴി വിവിധ രോഗ നിർണയ പരിശോധനകൾ നിരക്കിളവോടെ ചെയ്യാൻ കഴിയും. പ്രായമായവരെയും വ്യക്തിഗത പരിചരണം ആവശ്യമുള്ളവരെയും പരിചരിക്കുന്നതിന് പരിശീലനം ലഭിച്ച നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കുന്ന രോഗികൾ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ദൈനംദിന സഹായം ആവശ്യമുള്ളവർ തുടങ്ങിയവർക്കും ആസ്റ്റർ കെയർ കണക്ടിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും. ഇതോടൊപ്പം ആരോഗ്യകരമായ ജീവിതരീതി ആസ്വദിക്കുന്നതിനായി ഭക്ഷണരീതി സംബന്ധിച്ച് വ്യക്തിഗത നിർദ്ദേശങ്ങളും പദ്ധതിയിലൂടെ ലഭിക്കും.
എല്ലാവർക്കും ആരോഗ്യകരമായ ജീവിതശൈലിയും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. ഈ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് വൈവിധ്യമാർന്ന സേവനങ്ങൾ ഉൾപ്പെടുത്തി ആസ്റ്റർ കെയർ കണക്ട് സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമയോചിതമായി വിദഗ്ധ ചികിത്സ ലഭിക്കുമെന്നതിനാൽ സ്ട്രോക്ക് രോഗികളെ സംബന്ധിച്ചിടത്തോളം ആസ്റ്റർ കെയർ കണക്ട് നിർണായക സ്വാധീനമാകുമെന്നും ഇതുവഴി സ്‌ട്രോക്കിന്റെ ഫലങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്നും ആസ്റ്റർ മെഡ്‌സിറ്റിയിലെ കൺസൾട്ടന്റ് എമർജൻസി ഫിസിഷ്യൻ ഡോ. ജോൺസൺ വർഗീസ് കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റിയിലെ കൺസൾട്ടന്റ് എമർജൻസി ഫിസിഷ്യൻ ഡോ. ജോൺസൺ വർഗീസ്, പേഷ്യന്റ് സർവീസ് മേധാവി ധന്യ ശ്യാമളൻ തുടങ്ങ്ങിയവർ പങ്കെടുത്തു. കോർപ്പറേറ്റുകൾ, റെസിഡൻസ്, അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷനുകൾ, ആരോഗ്യ സേവനങ്ങളിൽ താൽപ്പര്യമുള്ള വിവിധ സംഘടനകൾ തുടങ്ങിയവർക്ക് 8111998082, 8111998204 എന്നീ നമ്പറുകൾ മുഖേന ആസ്റ്റർ കെയർ കണക്റ്റുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.