മുംബൈ: മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടിഎസ്) ആണ് തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ”ഇത് അധികൃതർക്കുള്ള അവസാന സന്ദേശമാണ്. പത്ത് ലക്ഷം ഡോളര്‍ ബിറ്റ്കോയിനായി അയച്ചില്ലെങ്കിൽ അടുത്ത് 48 മണിക്കൂറിനുള്ളിൽ ടെർമിനൽ തകര്‍ക്കും” – സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച എ.ടി.എസ് സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്.
അതേസമയം ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
വിമാനത്താവളത്തില്‍നിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹര്‍ പൊലീസ് കേസെടുത്തു. ഇതിനു സമാന്തരമായി എടിഎസ് സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഐപി വിലാസം പിന്തുടര്‍ന്നതോടെ മെയില്‍ അയച്ചത് കേരളത്തില്നിന്നാണെന്നു കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എടിഎസ് സംഘം കേരളത്തിലേക്കു പറന്നെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാത്രിയോടെ മുംബൈയില്‍ എത്തിച്ച് സഹര്‍ പൊലീസിനു കൈമാറും. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു