ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് ബന്ദികളെ വിട്ടയച്ചു തുടങ്ങി. 12 തായ്ലൻഡ് സ്വദേശികളെയും 13 ഇസ്രായേലികളെയും ഹമാസ് വിട്ടയച്ചതായി ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അറിയിച്ചു. 12 തായ് പൗരന്മാരെ ഹമാസ് വിട്ടയച്ചതായി തായ്ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ സ്ഥിരീകരിച്ചു. ഇസ്രായേലി ബന്ദികളെ ഗസ്സയിലെ റെഡ് ക്രോസിന് കൈമാറിയെന്നും ഇവർ ഈജിപ്ത് അതിർത്തിയിലേക്കുള്ള യാത്രയിലാണെന്നും ഇസ്രായേലി ടിവി ചാനലുകളും റിപ്പോർട്ട് ചെയ്തു.
ഖത്തറിന്റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ലെന്നാണ് വിവരം.
അതേസമയം ഈജിപ്തിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ത്യൻ സ്റ്റേറ്റ് ഇൻഫർമേഫൻ സർവ്വീസും പറഞ്ഞു. എന്നാൽ ഈ സംഭവത്തിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബന്ദികളാക്കിയിരിക്കുന്ന 13 ഇസ്രയേൽക്കാരെയും ഉടൻ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ.
റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും.
ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ പൂർത്തിയാക്കിയിരുന്നു. സേനയുടെ ഹെലികോപ്റ്റർ ഇവരെ സ്വീകരിക്കാനായി ഗാസയ്ക്ക് സമീപത്തുള്ള ഈജിപ്ഷ്യൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുന്‍പ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. ടവലുകൾ, സാനിറ്ററി പാഡ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടെ ഹെലികോപ്റ്ററിൽ സജ്ജമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു