മുംബൈ: ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നുമണിയാണ് ഇന്ത്യ എ ടീം ക്യാപ്റ്റൻ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തിയതികളിലാണ് മത്സരങ്ങൾ.
സീനിയര്‍ ടീമില്‍ നിന്ന് മിന്നു മണിക്കൊപ്പം കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരും ടീമിലുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു.
വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ്. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വന്റി 20 ടീം അംഗമായിരുന്നു. അരങ്ങേറ്റ പരമ്പരയിൽ തന്നെ അഞ്ച് വിക്കറ്റുകൾ മിന്നുമണി സ്വന്തമാക്കിയിരുന്നു. ഇതുവരെ ടീം ഇന്ത്യയ്ക്കായി നാലു രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചു. ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം– മിന്നു മണി (ക്യാപ്റ്റൻ), കനിക അ ഹൂജ, ഉമ ഛേത്രി, ശ്രേയാങ്ക പാട്ടീൽ, ഗോങ്കാടി തൃഷ, വൃന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയൽ, ദിഷ കസത്, റാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബറെഡ്ഡി, മോണിക പട്ടേൽ, കശ്വീ ഗൗതം, ജിന്റിമണി കലിയ, പ്രകാശിക നായിക്
വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാംപ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു