കോഴിക്കോട്: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. 63 ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പായികിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. വടകര സ്വദേശി എ.കെ യൂസുഫാണ് പരാതിക്കാരൻ. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് 2015ൽ ഇയാൾ ഒരു കേസ് നൽകിയിരുന്നു. ഇതിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഹമദ് ദേവർകോവിലിലനെതിരെ രണ്ടുവർഷത്തെ ജയിൽ ശിക്ഷയും 63 ലക്ഷം പിഴയും ഈടാക്കിയിരുന്നു. ഇതിന് പിന്നാലെ അഹമ്മദ് ദേവർക്കോവിൽ അപ്പീൽ നൽകുകയും കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63 ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ രണ്ട് വർഷത്തോളം അഹമദ് ദേവർകോവിൽ പണം നൽകാതെ അവധി പറഞ്ഞു നീട്ടികൊണ്ടുപോവുകയും കബളിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രധാനമായും പരാതിയിൽ ഉന്നയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ താനും കുടുംബവും ഇടതുപക്ഷ മുന്നണിയെ പിന്തുണക്കുകയാണ് ചെയ്തത്. ഈ വേളയിൽ അഹമ്മദ് ദേവർകോവിലിനെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലേക്ക് താൻ കടന്നിട്ടില്ല. അത് തനിക്ക് മുന്നണിയിലുള്ള വിശ്വാസം കൊണ്ടാണെന്നും പരാതിക്കാരൻ പറഞ്ഞു.
അതേസമയം, കെ.കെ ശൈലജയ്ക്കെതിരായ പരാമർശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തി. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം. മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിൽ സ്ഥലം എംഎൽഎയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ താൻ പ്രസംഗം നീട്ടിയിട്ടില്ലെന്നും 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചതെന്നും അത് കാരണം പരിപാടി വൈകിയിട്ടില്ലെന്നും ഇന്ന് കെ.കെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മേൽ ചാർത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു