കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ ഐ.ഡി.കാര്‍ഡ് നിര്‍മ്മാണ കേസില്‍ കെ.പി.സി.സി.ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ. പരാതിയെ കുറിച്ച് അന്വേഷിക്കും. കുറ്റകരമായ പ്രവര്‍ത്തനം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വിശ്വാസമാണ്. അത്തരം അവിവേകം രാഹുല്‍ കാണിക്കില്ല. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായ്ക്ക് തോന്നിയതുപോലെ പ്രതികരിക്കുന്ന ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയ്ക്കൊന്നും പ്രതികരിക്കാൻ സമയമില്ലെന്നും സുധാകരൻ തുറന്നടിച്ചു. സംസ്ഥാന സെക്രട്ടറി സി.പി.എമ്മിനാണ്. ഞങ്ങള്‍ക്ക് എം.വി ഗോവിന്ദൻ. ക്രാഫ്റ്റ് മാസ്റ്റര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ കെ.എസ്.യു കുതിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും മുന്നിട്ടിറങ്ങാൻ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ഇന്ന് മനക്കരുത്തുണ്ട്. സംരക്ഷിക്കാൻ ഒരു പാര്ട്ടിയുണ്ടെന്നുള്ളത് അവരുടെ ആത്മധൈര്യം വര്‍ധിപ്പിക്കുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.
പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ സംരക്ഷണം കൊടുത്ത കാലഘട്ടം മുൻപുണ്ടായിട്ടില്ല. ലീഗല്‍ സെല്‍ വച്ച് എല്ലാ ജില്ലകളിലും സൗജന്യ ലീഗല്‍ സഹായം നല്‍കാനുള്ള കമ്മറ്റികള്‍ രൂപികരിച്ചു.സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായം കെ.പി.സി.സി. നേരിട്ട് നല്‍കിയിട്ടുണ്ട്. സുധാകരൻ വ്യക്തമാക്കി.