ന്യൂഡൽഹി: നവകേരള യാത്രയ്ക്കായി മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ കുട്ടികളെ പൊരിവെയിലത്ത് നിർത്തിയ സംഭത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
ഇത്തരം ചെയ്തികൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
കുട്ടികളെ വെയിലത്ത് നിർത്തിയതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോഴാണ് റോഡരികിൽ നിൽക്കുന്ന കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടികൾ നിൽക്കുന്നത്. ‘അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, കേരള സർക്കാരിന് അഭിവാദ്യങ്ങൾ’ എന്നാണ് കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നത്. കുട്ടികൾ നിർത്തുമ്പോൾ ‘വിളിച്ചോ വിളിച്ചോ’ എന്ന് അടുത്തുനിൽക്കുന്ന അദ്ധ്യാപകർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
സ്കൂൾ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ തെളിവുകൾ സഹിതം ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണ് കെഎസ് യു. നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടി കാട്ടിയാണ് ഹർജി. തിരുവനന്തപുരത്ത് നവകേരള സദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിച്ചന്നും കെ എസ് യു ആരോപിക്കുന്നു.
ഓരോ സ്കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും നവകേരള സദസില്‍ എത്തിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു