ദമ്മാം: കേരളസാഹിത്യഅക്കാദമി മുൻ അധ്യക്ഷയായിരുന്ന പ്രശസ്ത എഴുത്തുകാരി പി. വത്സലയുടെയും, സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും, തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.
പാവപ്പെട്ട മനുഷ്യന്റെ വിയർപ്പും മണ്ണിന്റെ മണവും കലർന്ന കഥാപരിസരങ്ങൾ നിറഞ്ഞ ഒട്ടേറെ നോവലുകളിലൂടെയും, ചെറുകഥകളിലൂടെയും മലയാളി വായനക്കാരനെ അതിശയിപ്പിച്ച എഴുത്തുകാരിയാണ് ശ്രീ പി.വത്സല. ആദ്യ നോവൽ ആയ നെല്ല് ആണ് പി. വത്സലയെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഇത് പിന്നീട് എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. നിഴലുറങ്ങുന്ന വഴികൾ, നെല്ല്, കൂമൻകൊല്ലി, ഗൗതമൻ, മരച്ചോട്ടിലെ വെയിൽ ചീളുകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, സി.വി കുഞ്ഞിരാമൻ സാഹിത്യ അവാർഡ് തുടങ്ങ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പി.വത്സലയുടെ വിയോഗം മലയാള സാഹിത്യലോകത്തിന് വലിയൊരു നഷ്ടമാണ് എന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വനിതകൾ കടന്നു വരാൻ മടിച്ചിരുന്ന ഒരു കാലത്താണ് അഭിഭാഷക വൃത്തി ജീവിതവഴിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി തെരഞ്ഞെടുത്തത്. ജോലിയോട് കാട്ടിയ അർപ്പണബോധമാണ് അഭിഭാഷകയിൽ നിന്നും ന്യായാധിപയുടെ റോളിലേക്ക് താഴെത്തട്ടിൽ നിന്നും ഉയർന്നു സുപ്രീം കോടതി വരെ എത്താൻ അവരെ പ്രാപ്തയാക്കിയത്. 1989-ല് രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയിൽ നിയമിതയായപ്പോൾ ചരിത്രം വഴി മാറുകയായിരുന്നു. റിട്ടയർ ആയ ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായും പ്രവർത്തിച്ചിരുന്ന ജസ്റ്റിസ് എം. ഫാത്തിമ ബീവിയെ കേരള സർക്കാർ’കേരള പ്രഭ’ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ജസ്റ്റിസ് എം. ഫാത്തിമ ബീവി വിടവാങ്ങുമ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഒരു ഉജ്ജ്വലമായ അധ്യായമാണ് അവസാനിയ്ക്കുന്നത് എന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.