ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ജയം. ഗ്രൂപ് എയിലെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രക്കെതിരെ മൂന്ന് വിക്കറ്റിനാണ് കേരളത്തിന്റെ ജയം.
സൗരാഷ്ട്ര ഉയർത്തിയ 185 എന്ന സ്കോർ കേരളം 14 പന്തുകൾ ശേഷിക്കെ മറികടക്കുകയായിരുന്നു. സ്കോർ – സൗരാഷ്ട്ര: 185ന് എല്ലാവരും പുറത്ത് (49.1 ഓവർ), കേരളം: ഏഴിന് 188 (47.4 ഓവർ).
കേരളത്തിനായി അബ്ദുൽ ബാസിത് അർധസെഞ്ചുറി നേടി (76 പന്തിൽ 60 റൺസ്). ക്യാപ്റ്റൻ സഞ്ജു സാംസൺ (30), അഖിൽ സ്കറിയ (28) എന്നിവരും മികവ് കാട്ടി.
ടോസ് നേടി സൗരാഷ്ട്രയെ ബാറ്റിംഗിനയച്ച ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്. സൗരാഷ്ട്രയുടെ എട്ട് ബാറ്റർമാർ ഒറ്റയക്കത്തിനു പുറത്തായി. ബൗളിംഗ് ഓപ്പൺ ചെയ്ത അഖിനും ബേസിൽ തമ്പിയും അഖിൽ സ്കറിയയും തകർത്തെറിഞ്ഞപ്പോൾ സൗരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 65 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എട്ടാം വിക്കറ്റിൽ വിശ്വരാജ് ജഡേജയും ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്ടും ചേർന്ന് രക്ഷാപ്രവർത്തനം. വിലപ്പെട്ട 69 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ഉനദ്കട്ട് (37) മടങ്ങി.
വാലറ്റത്തെ കൂട്ടുപിടിച്ച് ആക്രമണോത്സുക ബാറ്റിംഗ് കെട്ടഴിച്ച വിശ്വരാജ് ജഡേജ സൗരാഷ്ട്രയെ 200നരികെ എത്തിച്ചു. 50ആം ഓവറിലെ ആദ്യ പന്തിൽ 98 റൺസെടുത്ത താരം അവസാന വിക്കറ്റായി പുറത്താവുകയായിരുന്നു. അഖിനൊപ്പം ബേസിൽ തമ്പി, ശ്രേയാസ് ഗോപാൽ എന്നിവർ 2 വിക്കറ്റ് വീതവും അഖിൽ സ്കറിയയും എൻപി ബേസിലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.