ന്യൂ ഡല്‍ഹി: ഡീപ്ഫേക്ക് കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നിയമത്തിന് രൂപം നല്കാന് ഒരുങ്ങി കേന്ദ്രം.എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഡീപ്ഫേക്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കനത്തപിഴ ചുമത്തുന്ന തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.
ചലച്ചിത്ര നടിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഇതിനോടകം ഡീപ്ഫേക്കിന് ഇരയായത്. വര്‍ധിച്ചുവരുന്ന ഈ ഭീഷണി നേരിടുന്നതിന് കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തിലാണ് ഡീപ്ഫേക്ക് വീഡീയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കുന്ന തരത്തില്‍ നിയമം കൊണ്ടുവരാന്‍ ധാരണയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ഡീഫ്ഫേക്ക് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ നവംബര്‍ 18ന് കേന്ദ്രമന്ത്രി വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഉടന്‍ തന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് കൊണ്ടായിരുന്നു നോട്ടീസ്. ഡീപ്ഫേക്ക് വീഡിയോയ്ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് തിരിച്ചറിയണമെന്നും ഡീപ്ഫേക്ക് ഉള്ളടക്കം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം.ഇതിന് പിന്നാലെയാണ് ഇന്ന് ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചത്.